മറയൂർ: മറയൂർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ സെക്രട്ടറി ഉൾപ്പടെ ജീവനക്കാർ ഇല്ലാത്തതിനാൽ നാട്ടുകാർക്ക് അത്യാവശ്യ സേവനങ്ങൾ കിട്ടുന്നില്ല. ഇതിനുപുറമെ വിവിധ പദ്ധതികളും അവളതാളത്തിലാണ്. സെക്രട്ടറി, ക്ലാർക്കുമാർ, ഗ്രാമസേവകൻ എന്നിവരുടെ തസ്തിക ഒഴിഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടു. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് മറയൂർ. 13 വാർഡുകളാണുള്ളത്. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് മറയൂരിൽ ആദിവാസികൾ ഉൾപ്പെടെ പട്ടികജാതി പട്ടികവർഗ കുടുംബങ്ങളാണ് കൂടുതലും. പഞ്ചായത്തിൽ ജീവനക്കാരില്ലാത്തതിനാൽ ഇവർക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
ഒട്ടേറെ ആവശ്യങ്ങൾക്കായി കിലോമീറ്റർ കാൽനടയായും അമിതമായ തുക മുടക്കി വാഹനങ്ങളിൽ എത്തിയും പഞ്ചായത്തിൽ സഹായം തേടുമ്പോഴാണ് കാര്യം നടക്കില്ലെന്ന് അറിയുന്നത്. ഇത് പട്ടികവിഭാഗക്കാരായ ഗുണഭോക്താക്കളെ വിഷമിപ്പിക്കുന്നു. ഒരു വർഷത്തിലേറെയായി ഇവിടെ സ്ഥിരം സെക്രട്ടറി ഇല്ലാതായിട്ട് . ഒരാൾ കഴിഞ്ഞവർഷം എത്തിയെങ്കിലും 15 ദിവസം മാത്രമേ ഇവിടെ ജോലി ചെയ്തുള്ളു. പിന്നീട് വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് അവധി എടുക്കുന്നതാണ് പതിവ്. ഇപ്പോൾ ആരുമില്ല.
സീനിയർ ക്ലർക്ക് ഉൾപ്പെടെ ജീവനക്കാർ പരിമിതം. പലർക്കും സ്ഥലംമാറ്റം ലഭിച്ചു. എന്നാൽ പകരം നിയമനം നടക്കുന്നില്ല. തദ്ദേശ ഭരണ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവരെ നേരിട്ട് കണ്ട് നിവേദനം നൽകിയിട്ടും നടപടിയില്ല. നിലവിൽ ആദിവാസി കുടികൾ കേന്ദ്രീകരിച്ച് സർക്കാർ സമ്പൂർണ വൈദ്യുതി പദ്ധതി നടപ്പാക്കുകയാണ്. പദ്ധതി പൂർത്തീകരിച്ചെങ്കിലും കണക്ഷൻ നൽകാൻ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. പഞ്ചായത്തിൽ ജീവനക്കാരില്ലാത്തതിനാൽ ഇത് ലഭിക്കുന്നില്ല.
ഗ്രാമസേവകൻ മാസങ്ങളായി ഇല്ലാത്തതിനാൽ വീടുകൾ നൽകുന്ന പദ്ധതിയിയും കുഴപ്പത്തിലാണ്. മറയൂർ പഞ്ചായത്തിൽ ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കാൻ ഭരണസമിതിക്ക് അനുമതി ഉണ്ടെങ്കിലും ജീവനക്കാരുടെ കുറവ് മൂലം സാധ്യമാകുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾജ്യോതിയും വൈസ് പ്രസിഡൻറ് ജോമോൻ തോമസും കുറ്റപ്പെടുത്തി. ജീവനക്കാരെ അനുവദിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധം നടത്തുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.