മറയൂർ: കാന്തല്ലൂർ ഐ.എച്ച്.ആർ.ഡി. കോളജിലെ നാലുവർഷ ഉന്നത വിദ്യാഭ്യാസ പ്രവേശനോത്സവം കുളിർമയുള്ളതാക്കി കോളജ് ജീവനക്കാരും മറയൂർ ചന്ദന ഡിവിഷനും. കാമ്പസിൽ ചന്ദനത്തോട്ടം തന്നെ നട്ടുവളർത്തും. ആദ്യ അലോട്ട്മെന്റിൽ 44 വിദ്യാർഥികളാണ് പ്രവേശനം നേടിയത്. ആദ്യദിനം എത്തിയവരെ ചന്ദന തൈകൾ നൽകിയാണ് കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. തങ്കച്ചൻ സ്വീകരിച്ചത്. വനം വകുപ്പിന്റെ മറയൂർ ചന്ദന ഡിവിഷന്റെ സഹകരണത്തോടെ കലാലയത്തിലെ ബയോഡൈവേഴ്സിറ്റി ക്ലബ് , എൻ.എസ്.എസ്. യൂനിറ്റുകൾ എന്നിവയുടെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ ചന്ദനത്തോട്ടമുള്ള കാമ്പസായി മാറ്റുകയാണ് ലക്ഷ്യം.
ചന്ദന തൈകൾ കാമ്പസിൽ തയാറാക്കിയ സ്ഥലത്ത് പ്രവേശനം നേടിയെത്തിയ വിദ്യാർഥികൾ നട്ടു. ഓരോ വിദ്യാർഥിയും നട്ട തൈകൾ നാല് വർഷം പരിപാലിക്കുകയും പിന്നീട് എത്തുന്ന ബാച്ചിന് കൈമാറുകയും ചെയ്യുന്ന തരത്തിലാണ് ചന്ദനത്തോട്ടം പദ്ധതി തയാറാക്കിയത്. കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ മാസവും നിരീക്ഷണം നടത്തുമെന്ന് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അറിയിച്ചു. ഒന്നര അടി ഉയരമുള്ള ചന്ദന തെകൾ സൗജന്യമായാണ നൽകിയത്.
സർക്കാർ തലത്തിൽ ചന്ദന കൃഷി സംസ്ഥാനത്ത് വ്യാപിപ്പിക്കുന്നതിനായി ഈ വർഷം ബജറ്റ് വിഹിതം പ്രഖ്യാപിച്ചിരുന്നു. മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി, പ്രിൻസിപ്പൽ സുജ പി. തേലക്കാട്, മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ എം.ജി. വിനോദ് കുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ് കുമാർ, കാന്തല്ലൂർ ഹെൽത്ത് ഇൻസ്പെക്ടർ അരുൺ കുമാർ, മറയൂർ പൊലീസ് സബ് ഇൻസ്പെക്ടർ ബെന്നി സക്കറിയ, മറയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ആൻസി ആന്റണി, കോളജ് വികസന സമിതി ട്രഷറർ എം. ലക്ഷ്മണൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ നിഷ നിതീഷ്, ബയോഡൈവേഴ്സിറ്റി ക്ലബ് പ്രോഗ്രാം കോഡിനേറ്റർ എസ്. പത്മാവതി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.