മറയൂര്‍: നാച്ചിവയല്‍ ഗ്രാമത്തില്‍ സ്ഥിരമായി കുടിവെള്ളം മുടങ്ങുകയും 10ദിവസമായി നിലക്കുകയും ചെയ്തതോടെ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്ത്. ഗുണഭോക്തൃവിഹിതവും പഞ്ചായത്ത് വിഹിതവും ഉൾപ്പെടെ കോടികള്‍ മുടക്കിയാണ് ജലനിധി പദ്ധതിയിലൂടെ വാര്‍ഡിലേക്ക് ശുദ്ധജലമെത്തിക്കാനായി മേലാടി ആറ്റില്‍നിന്നും പൈപ്പുകള്‍ സ്ഥാപിച്ചത്.
എന്നാല്‍, നിർമാണം പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിയും മുേമ്പ കുടിവെള്ളം മുടങ്ങിയെന്ന് ഗ്രാമീണര്‍ പറയുന്നു. പൈപ്പുകളില്‍ ആറ്റിലെ ചളിനിറഞ്ഞ് തകരാറിലായാണ് വെള്ളം നിലക്കുന്നത്. പൈപ്പുകള്‍ സ്ഥാപിക്കാനായി എസ്റ്റിമേറ്റ് തയാറാക്കിയ വേളയില്‍ കൂടവയല്‍ ആറിനെ കുറുകെ ചെക്ഡാമും ഫില്‍റ്റര്‍ സംവിധാനങ്ങളും ഒരുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പദ്ധതി നടപ്പാക്കിയപ്പോള്‍ ഇത് പ്രാവര്‍ത്തികമാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രദേശവാസികള്‍ ആരോപിച്ചു. പൂര്‍ണമായി ശുദ്ധജലം മുടങ്ങിയതോടെ സ്ത്രീകള്‍ കുടങ്ങളുമായെത്തിയാണ് പ്രതിഷേധിച്ചത്.
അടിയന്തരമായി പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ പഞ്ചായത്തിന് മുന്നില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.അതേസമയം, ശുദ്ധജലമെത്തിക്കാന്‍ തടസ്സമായ തകരാറുകള്‍ പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പൈപ്പ് സ്ഥാപിച്ച വേളയില്‍ ചെക്ഡാം, ഫില്‍റ്റര്‍ ടാങ്ക് എന്നിവ നിര്‍മിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയിരുന്നില്ലെന്ന് മറയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് എന്‍. ആരോഗ്യദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.