മറയൂർ: കാന്തല്ലൂർ, മറയൂർ പഞ്ചായത്തുകളിലെ കാട്ടാന ശല്യം പരിഹരിക്കാൻ സോളാർ തൂക്കുവേലിയെന്ന നൂതന സാങ്കേതിക വിദ്യയുമായി വനം വകുപ്പ്. നബാർഡ് അനുവദിച്ച 4.7 കോടി ചെലവിൽ നിർമിക്കുന്ന സോളാർ തൂക്കുവേലി യാഥാർഥ്യമാകുന്നതോടെ രണ്ട് പഞ്ചായത്തിലെ കാട്ടാന ശല്യത്തിനാണ് പരിഹാരമാകുക.
പദ്ധതി പ്രകാരം കാന്തല്ലൂർ പഞ്ചായത്തിൽ തൂവാനം വെള്ളച്ചാട്ടം മുതൽ ആനമുടി ഷോലവരെയുള്ള 20 കിലോമീറ്റർ ദൂരം സൗരോർജവേലി സ്ഥാപിക്കാൻ 2.7 കോടിയും മറയൂർ പഞ്ചായത്തിൽ കരിമുട്ടി പ്രദേശത്ത് 15 കിലോമീറ്റർ സൗരവേലി സ്ഥാപിക്കാൻ രണ്ട് കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. പഞ്ചായത്തുകളും കർഷകരായ ഗുണഭോക്താക്കളും ചേർന്നായിരിക്കും വേലികൾ സ്ഥാപിക്കുക. ഇതിനായുള്ള ജനജാഗ്രത സമിതിയുടെ ആദ്യ യോഗം നടത്തി.
പുതുതായി സ്ഥാപിക്കുന്ന സൗരവേലികളിൽ കനത്ത മഞ്ഞും മഴയുമുള്ള സമയത്തും വൈദ്യുതി പ്രവാഹം ഉറപ്പുവരുത്താൻ വൈദ്യുതി വകുപ്പിന്റെ ഗ്രിഡുമായി സൗരോർജ വേലികൾ ബന്ധിപ്പിക്കും. കാട്ടാന ശല്യം മൂലം പൊറുതിമുട്ടിയ മറയൂർ, കാന്തല്ലൂർ പഞ്ചായത്തിലെ ജനങ്ങൾ പ്രത്യേകിച്ച് ശീതകാല പച്ചക്കറി കർഷകർ ഏറെ പ്രതീക്ഷയോടെയാണ് പദ്ധതിയെ നോക്കി കാണുന്നത്.
മൂന്നാർ: പശുത്തൊഴുത്ത് തകർത്ത് പുല്ലെടുത്ത് ഭക്ഷിച്ച് കാട്ടുകൊമ്പൻ പടയപ്പ. തൊഴുത്തിലുണ്ടായിരുന്ന പശുക്കൾ വിരണ്ട് പുറത്തേക്കോടി. കണ്ണൻ ദേവൻ കമ്പനി നെയ്മക്കാട് എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിൽ തിങ്കളാഴ്ച പുലർച്ചയാണ് സംഭവം.
തോട്ടം തൊഴിലാളിയായ പൂരാജിന്റെ വീടിന്റെ പിൻഭാഗത്തെ തൊഴുത്താണ് പടയപ്പ തകർത്തത്. പശുക്കൾ വിറളിപിടിച്ച് പുറത്തേക്കോടി രക്ഷപ്പെട്ടു. പൂരാജ് രണ്ടുകെട്ട് പുല്ല് തൊഴുത്തിൽ സൂക്ഷിച്ചിരുന്നു. അത് മുഴുവൻ കൊമ്പൻ തിന്നു തീർക്കുകയും ചെയ്തു. പശുക്കളുടെ കരച്ചിൽ കേട്ട് ആളുകൾ ഉണർന്ന് ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും പടയപ്പ അവർക്ക് നേരെ തിരിഞ്ഞതോടെ ആളുകൾ ഭയന്ന് വീടുകളിൽ കയറി വാതിലടച്ചു. ഒരു മണിക്കൂറോളം തൊഴിലാളി ലയങ്ങൾക്ക് സമീപം ചെലവഴിച്ചാണ് കൊമ്പൻ കാടുകയറിയത്. തിങ്കളാഴ്ച പകലും ഇതേ ഡിവിഷനിൽതന്നെ ഇവനുണ്ടായിരുന്നു.
തേയിലത്തോട്ടം ജോലിക്കൊപ്പം കാലി വളർത്തൽ തൊഴിലാക്കിയ പൂരാജിന്റെ മൂന്ന് പശുക്കളെ രണ്ട് വർഷം മുമ്പ് കടുവ ആക്രമിച്ച് കൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.