പെട്ടിമുടിയിൽ കാണാതായവർക്കായി തിരച്ചിൽ നടത്തുന്ന സേനാംഗങ്ങൾ

സമാനതകളില്ലാത്ത ദുരന്തങ്ങളെ നേരിട്ട്​ ഇടുക്കി

കട്ടപ്പന: തേക്കടി ബോട്ട് അപകടത്തിനും പുല്ലുമേട് ദുരന്തത്തിനും പിന്നാലെ ഒരിക്കൽകൂടി ഇടുക്കി കണ്ണീർദിനങ്ങളിലൂടെ കടന്നുപോകുകയാണ്​. പെട്ടിമുടി ദുരന്തത്തി​െൻറ നടുക്കം മാറാതെ വിറക്കുകയാണ്​ ജില്ല.

സമാനതകളില്ലാത്ത ദുരന്തങ്ങളെ തുടർച്ചയായി അഭിമുഖീകരിക്കുകയാണ് ഈ നാട്​. തേക്കടി ബോട്ട് ദുരന്തത്തിലും പുല്ലുമേട് ദുരന്തത്തിലും മരിച്ചതിലധികവും അന്തർ സംസ്ഥാനക്കാരായിരുന്നു. ഇപ്പോൾ പെട്ടിമുടിയിൽ മണ്ണിലാണ്ടു​പോയത്​ ഇവിടെ വർഷങ്ങളായി താമസിച്ചു തൊഴിലെടുത്തുവരുന്ന തോട്ടം തൊഴിലാളികളും​.

2009 സെപ്റ്റംബർ 30ന്​ തേക്കടി ജലാശയത്തിൽ 76 ടൂറിസ്​റ്റുകളുമായി സവാരിക്കിറങ്ങിയ ജലകന്യക എന്ന ബോട്ട്​ മുങ്ങി 46 പേരുടെ ജീവനായിരുന്നു നഷ്​ടമായത്​. എല്ലാവരും ഇതര സംസ്ഥാന സഞ്ചാരികളായിരുന്നു.

2011 ജനുവരി 11ന്​ ശബരിമല ദർശനം കഴിഞ്ഞ്​ മടങ്ങിയ 102 അയ്യപ്പ ഭക്തരാണ്​ പുല്ലുമേട് മണക്കവലയിൽ തിക്കിലും തിരക്കിലുംപെട്ടു മരിച്ചത്. എല്ലാവരും ഇതര സംസ്ഥാനക്കാരായിരുന്നു. തേക്കടിയിൽ ബോട്ടി​െൻറ തകരാറായിരുന്നു അപകട കാരണമെങ്കിൽ പുല്ലുമേട്ടിൽ വനംവകുപ്പ് തിരക്ക് നിയന്ത്രിക്കാൻ സ്‌ഥാപിച്ച ബാരിക്കേഡാണ് വില്ലനായത്.

രാജമല പെട്ടിമുടിയിലാകട്ടെ പ്രകൃതി തന്നെയാണ് ഉരുളി​െൻറ രൂപത്തിൽ നാല് തൊഴിലാളി ലയങ്ങളെയും ജീവിതങ്ങളെയും കവർന്നെടുത്തത്. 47 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. ഇനിയും കിട്ടാനുള്ളവർക്കുവേണ്ടി കണ്ണീരോടെ കാത്തിരിക്കുകയാണ് ബന്ധുക്കൾ.  

കണ്ണിമ ചിമ്മാതെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് കലക്ടറും ദുരന്തനിവാരണ സംഘവും

തൊടുപുഴ: കാലവര്‍ഷത്തില്‍ പ്രകൃതിദുരന്തങ്ങള്‍ പതിവായെത്തുന്ന ഇടുക്കി ജില്ലയില്‍ നല്ല മഴക്കാറ് കണ്ടാല്‍ തന്നെ ജില്ല ഭരണകൂടം ജാഗരൂകരാകാറുണ്ട്. കഴിഞ്ഞ പ്രളയത്തിെൻറ ആഘാതവും കോവിഡ് ഭീഷണിയും കൂടി ആയതോടെ ഇത്തവണ മഴ ശക്തിപ്രാപിച്ചപ്പോള്‍ തന്നെ അതീവ ജാഗ്രതയിലായിരുന്നു. എന്നിട്ടും ഇടുക്കിയെ കണ്ണീരിലാഴ്ത്തി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമായെത്തിയ ദുരന്തം കുറെയധികം ജീവനുകളെ നഷ്​ടമാക്കി.  

മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമറിഞ്ഞ ഏഴാംതീയതി പുലര്‍ച്ച മുതല്‍ കണ്ണിമചിമ്മാതെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ് കളക്ടര്‍ എച്ച്. ദിനേശ​െൻറ നേതൃത്വത്തില്‍ ജില്ല ഭരണകൂടവും ജില്ല ദുരന്തനിവാരണ അതോറിറ്റിയും. എ.ഡി.എം ആൻറണി സ്‌കറിയ, ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, അസി.​ കലക്ടര്‍ സൂരജ് ഷാജി, ഡി.എം.ഒ ഡോ. എന്‍. പ്രിയ, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പയസ്​ ജോര്‍ജ്, ജില്ല ദുരന്തനിവാരണ വിഭാഗത്തിലെ ക്ലര്‍ക്ക് പ്രശാന്ത്, ജൂനിയര്‍ സൂപ്രണ്ടുമാരായ ജോളി, പി.ആര്‍. അനില്‍കുമാര്‍, സി.​െഎ വിജേഷ് തുടങ്ങിയവര്‍ ദുരന്തമുണ്ടായ അന്നുമുതല്‍ രാവും പകലും ഒരുപോലെ കലക്​ട​േററ്റിലെ ദുരന്തനിവാരണ വിഭാഗത്തിലിരുന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ കര്‍മനിരതരാണ്. എല്ലാ വകുപ്പുകളെയും ഒരു കുടക്കീഴില്‍ അണിനിരത്തി. മഴക്കെടുതിയില്‍ റോഡിലും പെരിയവരപാലത്തിലും ഉള്‍പ്പെടെ ഉണ്ടായ ഗതാഗത തടസ്സങ്ങളും നീക്കി രക്ഷപ്രവർത്തനം ഉൗർജിതമാക്കുകയാണ്​.   

ഇടമലക്കുടിയില്‍ എട്ടിടങ്ങളില്‍ ഉരുള്‍പൊട്ടിയതായി ആദിവാസികൾ

മൂന്നാര്‍: കാലവര്‍ഷത്തില്‍ ഇടമലക്കുടിയില്‍ എട്ടിടങ്ങളില്‍ ഉരുള്‍പൊട്ടിയതായി ആദിവാസികള്‍. ഒരാഴ്ചയായി പെയ്യുന്ന കനത്തമഴയില്‍ പലയിടങ്ങളിലും ചെറിയതോതില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. നിർമാണത്തിലിരുന്ന റോഡുകള്‍ പലതും ഒലിച്ചുപോയി. ഞായറാഴ്ച വൈകീ​േ​ട്ടാടെയാണ് വിവിധ ഭാഗങ്ങളില്‍ ഉരുള്‍പോട്ടിയത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പെട്ടിമുടിയില്‍നിന്ന്​ രണ്ടുമണിക്കൂര്‍ ദൂരംമാത്രമാണ് ഇടമലക്കുടിക്ക്​. വാഹനങ്ങള്‍ കടന്നുപോകാന്‍ സൗകര്യമില്ലാത്തതില്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല.

മുഖ്യമന്ത്രി പെട്ടിമുടി സന്ദർശിക്കണം –കോൺഗ്രസ്​

നെടുങ്കണ്ടം: പെട്ടിമുടിയിൽ അപകടത്തിൽപെട്ട മലയോര ജനതയെ സാന്ത്വനിപ്പിക്കാൻ മുഖ്യമന്ത്രിയായ പിണറായി വിജയൻ എത്താത്തത് വിവേചനപരമാണെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ. കരിപ്പൂർ ദുരന്തത്തിൽപെട്ടവർക്ക് സർക്കാർ 10 ലക്ഷം അടിയന്തര സഹായമായി നൽകിയപ്പോൾ പതിറ്റാണ്ടുകളായി കേരളത്തി​െൻറ മണ്ണിൽ പണിയെടുത്ത് നിത്യജീവിതം പുലർത്തുന്ന പാവപ്പെട്ട ജനതക്ക് അഞ്ചുലക്ഷം നൽകിയത് എന്തു

കൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ഇബ്രാഹീംകുട്ടി കല്ലാർ ആവശ്യപ്പെട്ടു. രണ്ടു മന്ത്രിമാർ പെട്ടിമുടിയിൽ ക്യാമ്പ് ചെയ്യുമെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞതാണ്. എന്നാൽ, റവന്യൂ മന്ത്രിയും വൈദ്യുതി മന്ത്രിയും 10 മിനിറ്റ് വീതം മാത്രമാണ് ഉണ്ടായിരുന്നത്. പൂർണസമയം ഒരു മന്ത്രിയെ നിയോഗിക്കണമെന്നും പറഞ്ഞു.

Tags:    
News Summary - Idukki Pettimudi Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.