സി.സി ടി.വി കാമറയില്‍ പതിഞ്ഞ യുവതിയുടെ ചിത്രം
മൂന്നാർ: ആഭരണം വാങ്ങാൻ ടൗണിലെ ജ്വല്ലറിയിലെത്തി 2.25 ലക്ഷത്തിന്‍റെ സ്വര്‍ണവുമായി യുവതി മുങ്ങിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക്. ജ്വല്ലറി ഉടമയുടെ പരാതിയില്‍ മൂന്നാര്‍ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തിങ്കളാഴ്ചയാണ് സ്വര്‍ണം വാങ്ങാനെന്ന പേരില്‍ 35 വയസ്സ് തോന്നിക്കുന്ന യുവതി മൂന്നാറിലെ ജ്വല്ലറിയിലെത്തിയത്.ആഭരണങ്ങള്‍ നോക്കുന്നതിനിടെ സ്വദേശം കോയമ്പത്തൂര്‍ ആണെന്നും ജോലി മലേഷ്യയിലാണെന്നും പറഞ്ഞ യുവതി 77,500 രൂപയുടെ സ്വര്‍ണം വാങ്ങുകയും ചെയ്തു.
തുടർന്ന് കുറച്ച് ആഭരണങ്ങള്‍കൂടി പരിശോധിച്ച യുവതി കൂടുതല്‍ വാങ്ങാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. ഇതിനായി 9000 രൂപ മുന്‍കൂറായി നല്‍കുകയും ഹോട്ടല്‍ മുറിയിലുള്ള ഭര്‍ത്താവും മക്കളുമായി വന്ന് വാങ്ങിച്ചുകൊള്ളാമെന്നും അറിയിച്ച് മടങ്ങുകയും ചെയ്തു.
വൈകുന്നേരമായിട്ടും യുവതി എത്താത്തതിനെ തുടര്‍ന്ന് കട അടക്കുവാനൊരുങ്ങിയ ഉടമയും ജീവനക്കാരും സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങളില്‍ 38 ഗ്രാം കുറവ് കണ്ടെത്തിയത്. സംശയം തോന്നി സി.സി ടി.വി പരിശോധിച്ചപ്പോൾ യുവതി സ്വര്‍ണാഭരണങ്ങള്‍ എടുത്ത് ബാഗിൽ വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെയാണ് ഉടമ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കിയത്. മൂന്നാര്‍ സി.ഐ മനേഷ് കെ.പൗലോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.