മുട്ടം: മൂലമറ്റത്തെ വൈദ്യുതി വകുപ്പിന്റെ കെട്ടിടങ്ങളിൽ മിക്കതിലും താമസക്കാർ ഇഴജന്തുക്കളെന്ന്. വിണ്ടുകീറിയ ഭിത്തികൾ, പൊട്ടിപ്പൊളിഞ്ഞ ജനൽ വൈദ്യുതി ബോർഡിന്റെ കെട്ടിടങ്ങളുടെ അവസ്ഥയാണിത്. മഴപെയ്താൽ ഇഴജന്തുക്കൾ കെട്ടിടത്തിൽ ഇടംപിടിക്കും. ഭിത്തികളിൽ തൊട്ടാൽ ഷോക്കടിക്കും. മൂലമറ്റം പവർഹൗസിലെയും ജനറേഷൻ സർക്കിളിലെയും നൂറുകണക്കിന് ജീവനക്കാർ അധിവസിക്കുന്ന ക്വാർട്ടേഴ്സുകളുടെ വാതിലും ജനലും ഷീറ്റുകളുമാണ് പൊട്ടിനശിക്കുന്നത്.
മൂലമറ്റം പവർ ഹൗസിന്റെ ആവശ്യങ്ങൾക്ക് പതിറ്റാണ്ടുകൾക്ക് മുമ്പ് പണി തീർത്ത കെട്ടിടങ്ങളാണിത്. ഇവ അറ്റകുറ്റപ്പണി നടത്തി വാടകക്ക് കൊടുത്താൽ സർക്കാർ ഉദ്യോഗസ്ഥർ താമസിക്കാൻ തയാറുമാണ്. അതിനും ബോർഡിന് താൽപര്യമില്ല. മരങ്ങൾ വളർന്ന് കെട്ടിടങ്ങളുടെ മുകളിലേക്ക് ചാഞ്ഞ് നിൽക്കുകയാണ്. ഭൂരിഭാഗം കെട്ടിടങ്ങളിലും ആൾ താമസമില്ല. സാമൂഹിക വിരുദ്ധർ രാത്രി താവളമാക്കുന്നുണ്ടെന്ന് ജനസംസാരം. കോടിക്കണക്കിന് രൂപയാണ് ഇതുമൂലം നശിക്കുന്നത്.
മൂലമറ്റം ടൂറിസ്റ്റ് കേന്ദ്രം കൂടിയായതിനാൽ ക്വാർട്ടേഴ്സുകൾ പണി പൂർത്തിയാക്കി നൽകിയാൽ വിനോദ സഞ്ചാരികളും താമസത്തിന് വരും. ഇപ്പോൾ ഇവിടെ സർക്കീട്ട് ഹൗസ് ഉണ്ടെങ്കിലും അത് മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും മാത്രമേ താമസിക്കാൻ പറ്റുകയുള്ളു. ഐ.ബി ഉണ്ടെങ്കിലും അവിടെയും താമസസൗകര്യമില്ല. മറ്റ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാർ മുട്ടത്തും തൊടുപുഴയിലുമാണ് വാടകക്ക് താമസിക്കുന്നത്. വൈദ്യുതി ബോർഡിന് വൻ നഷ്ടം ഉണ്ടാകുന്ന ഇത്തരം സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും കെട്ടിടങ്ങൾ അറ്റകുറ്റപ്പണി ചെയ്ത് ശരിയാക്കണമെന്നും ആവശ്യം ശക്തമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.