മുട്ടം: കോടികൾ മുടക്കി നിർമിച്ച മലങ്കര ടൂറിസം പദ്ധതി യഥാവിധി ചലിപ്പിക്കാനാവാതെ അധികൃതർ. ടൂറിസം പദ്ധതിയുടെ വികസനം യാഥാർഥ്യമാക്കേണ്ടതും ചർച്ച ചെയ്യേണ്ടതുമായ വികസന സമിതി യോഗം ചേർന്നിട്ട് രണ്ടര വർഷത്തോളമായി. 2022 ജൂൺ 23നാണ് അവസാനമായി യോഗം ചേർന്നത്. സ്ഥലം എം.എൽ.എ പി.ജെ ജോസഫ് (ചെയർമാൻ), ജില്ല കലക്ടർ (വൈസ് ചെയർമാൻ), എം.വി.ഐ.പി എക്സിക്യൂട്ടീവ് എൻജിനീയർ (സെക്രട്ടറി) എന്നിവർ ഉൾപ്പെടുന്നതാണ് ജനറൽ കൗൺസിൽ.
മലങ്കര ടൂറിസം പദ്ധതി ഡെസ്റ്റിനേഷൻ ടൂറിസമായതിനാൽ മേൽ കമ്മിറ്റിക്ക് സ്വയം തീരുമാനം എടുത്ത് വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കാൻ കഴിയും. എന്നാൽ യോഗം പോലും ചേരാൻ ഇവർ തയ്യാറാകുന്നില്ല. ആറ് മാസത്തിൽ ഒരിക്കലെങ്കിലും ചേർന്നാൽ മാത്രമെ ടൂറിസം ഹബിന്റെ പ്രവർത്തനം സുഗമമാക്കി കൊണ്ടുപോകാനാകൂ. വർഷാവർഷം പാർക്കിൽ വികസനങ്ങളും മാറ്റങ്ങളും വരുത്താത്ത പക്ഷം കാലക്രമേണ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് നേരിടും. നിലവിൽ ആദ്യകാലത്തേക്കാൾ സന്ദർശകരുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്.
എൻട്രൻസ് പ്ലാസ അടഞ്ഞു തന്നെ
മലങ്കര ടൂറിസ് ഹബിൽ മൂന്ന് കോടിയോളം രൂപ മുടക്കി നിർമിച്ച എൻട്രൻസ് പ്ലാസ തുറക്കാൻ ഇനിയും നടപടിയായില്ല. പഞ്ചായത്തിൽ നിന്ന് കെട്ടിട നമ്പർ ലഭിക്കാത്തതാണ് കാരണമെന്ന് എം.വി.ഐ.പി അധികൃതർ പറയുന്നു. എന്നാൽ കെട്ടിട നമ്പർ നേടിയെടുക്കാനുള്ള യാതൊരു ശ്രമവും എം.വി.ഐ.പിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല താനും. കെട്ടിടത്തിലെ ഏഴ് അപാകതകൾ പരിഹരിച്ചാൽ മാത്രമേ നമ്പർ നൽകൂ എന്നാണ് പഞ്ചായത്തിന്റെ നിലപാട്.
അനിശ്ചിത കാലം അടച്ചിടുന്നതിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നതിനെ തുടർന്നാണ് പ്ലാസ തുറന്നുനൽകാൻ തീരുമാനം എടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിട നമ്പറിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയത്. കെട്ടിടത്തിന്റെ വിനിയോഗം ഡി ഗണത്തിൽ വരുന്നതിനാൽ ഫയർ എൻ.ഒ.സി ആവശ്യമാണ്, അംഗവൈകല്യമുള്ളവർക്ക് കൂടി ഉപയോഗിക്കാൻ പാകത്തിന് ശുചി മുറിയിൽ മാറ്റം വരുത്തണം, പാർക്കിങ്ങ് പ്ലാനിലെ അപാകത പരിഹരിക്കണം, സെപ്റ്റിക് ടാങ്കിന് സമീപം കുടിവെള്ള സ്രോതസ്സില്ലെന്നുള്ള സർട്ടിഫിക്കറ്റ് നൽകണം, നമ്പർ ഇടേണ്ട മുറികളുടെ ഏരിയ തരം തിരിച്ചു ലഭ്യമാക്കണം, സോളാർ എനർജി സിസ്റ്റം സ്ഥാപിക്കണം, സോളാർ വാട്ടർ ഹീറ്റിങ്ങ് സംവിധാനം ഉൾപ്പെടുത്തണം തുടങ്ങിയവയാണ് കെട്ടിട നമ്പർ ലഭിക്കാൻ വരുത്തേണ്ട മാറ്റങ്ങൾ.
എന്നാൽ ആയത് നാളിതുവരെ പരിഹരിച്ചിട്ടില്ല. മാറ്റങ്ങൾ വരുത്തിയ ശേഷം കെട്ടിട നമ്പർ ലഭിച്ച് കഴിഞ്ഞാൽ അഞ്ച് മുറികളും കോൺഫറൻസ് ഹാളും വാടകക്ക് നൽകാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.