മുട്ടം: പത്തിലധികം കായിക ക്ലബുകളും അതിന്റെ പത്തിരട്ടിയിലധികം പ്രമുഖ കായിക താരങ്ങളുമുള്ള മുട്ടത്ത് പൊതുകളിക്കളങ്ങളുടെ അഭാവം വളരെ വലുതാണ്. ഉള്ള കളിക്കളങ്ങൾ എസ്റ്റേറ്റുകളുടെ അധീനതയിലും സ്കൂളുകളുടെ അധീനതയിലുമാണ്. ലക്ഷക്കണക്കിന് രൂപ മുടക്കിയ പോളിടെക്നിക് ഗ്രൗണ്ട് കാടുകയറി നശിക്കുകയാണ്. മൂന്ന് ഏക്കറോളം ഭൂമിയിൽ വിശാലമായ ഗ്രൗണ്ടാണ് കാടുകയറി നശിക്കുന്നത്.
പൊതുജനങ്ങൾ ഉപയോഗിച്ചിരുന്ന ഗ്രൗണ്ട് മതിൽ കെട്ടി അടച്ച് നിയന്ത്രിച്ചു. ഇതോടെ നാട്ടുകാർ അവിടേക്ക് എത്തുന്നതും കുറഞ്ഞു. മിക്ക മാസങ്ങളിലും ക്രിക്കറ്റ്, ഫുട്ബാൾ എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടന്നുവന്നിരുന്നതാണ്. ഇതൊക്കെ മുടങ്ങി. പി.ജെ. ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ഗ്രൗണ്ട് സിന്തറ്റിക് ട്രാക്ക് ആക്കാൻ ശ്രമം നടത്തിയെങ്കിലും പൊളിടെക്നിക് അധികൃതർ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന് പറയുന്നു. സ്പോട്സ് കൗൺസിലും ഗ്രൗണ്ട് പരിപോഷിപ്പിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും അതിനും പൊളിടെക്നിക് അധികൃതർ അനുമതി നൽകിയില്ല. ഗ്രൗണ്ട് തങ്ങളുടെ കൈയിൽനിന്ന് പോകുമെന്ന ആശങ്കയാണ് ഇതിന് കാരണമത്രെ.
എന്നാൽ ഗ്രൗണ്ട് വേണ്ടവിധം സംരക്ഷിക്കാൻ പോളിടെക്നിക് അധികൃതർക്ക് ആകുന്നുമില്ല. ത്രിതല പഞ്ചായത്ത് തലത്തിലും സർക്കാർ തലത്തിലും കായിക മത്സരങ്ങൾ നടത്താൻ ഗ്രൗണ്ടില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് ഈ ദുരവസ്ഥ. പഞ്ചായത്തിന്റെയൊ മറ്റോ നേതൃത്വത്തിൽ അവിടെ കായിക മത്സരങ്ങൾ നടത്തണമെങ്കിൽ കാടുകൾ വെട്ടിനീക്കാൻ ആയിരക്കണക്കിന് രൂപ ചെലവഴിക്കേണ്ട അവസ്ഥയാണ്. കാടുകൾ വെട്ടിയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും ഗ്രൗണ്ട് ഉപയോഗപ്രദമാക്കണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം.
ചെറിയ ചാറ്റൽ മഴ പെയ്താൽ പോലും ഗ്രൗണ്ടിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വശങ്ങളിൽ മണ്ണിട്ട് ഉയർത്തിയതോടെ ഗ്രൗണ്ടിന് നടുവിലേക്ക് വെള്ളം ഒഴുകിയെത്തുകയാണ്. ഇതോടെ വിനോദത്തിന് സാധിക്കാത്ത അവസ്ഥയുണ്ട്. ഗ്രൗണ്ട് മണ്ണിട്ട് ഉയർത്തി വശങ്ങളിൽ ഓട നിർമിച്ചാൽ വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിക്കും.
പോളിടെക്നിക് ഗ്രൗണ്ട് നവീകരണം എന്ന പേരിൽ 1000 ചതുരശ്ര അടിയിൽ 35 ലക്ഷം രൂപയോളം മുടക്കി ഒരു മൂലയിൽ കെട്ടിടം നിർമിച്ചെങ്കിലും അടഞ്ഞുകിടക്കുന്നു. 35 ലക്ഷം രൂപയാണ് 1000 ചതുരശ്ര അടി കെട്ടിടം നിർമിക്കുന്നതിനും മറ്റൊരു കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നതിനുമായി ചെലവഴിച്ചത്. എന്നാൽ, ഈ കെട്ടിടങ്ങൾ രണ്ടും ഉപയോഗശൂന്യമായി കിടക്കുകയാണ്. ഗ്രൗണ്ടിൽ 10 അടിയോളം ഉയരത്തിൽ കാടു വളർന്നു നിൽക്കുകയാണ്. 900ത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന കോളേജ് ഗ്രൗണ്ടാണ് കാടുകയറിക്കിടക്കുന്നത്.
കോളജിന് ചുറ്റും എട്ട് അടിയോളം ഉയരത്തിൽ മതിൽ നിർമിച്ചതോടെ പവിലിയനും ഉപയോഗശൂന്യമായി. മുമ്പ് നാട്ടുകാർ ഉൾപ്പെടെ പവിലിയൻ ഉപയോഗിച്ചിരുന്നതാണ്. മതിൽ വന്നതോടെ പവലിയനിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല. ഗ്രൗണ്ടിൽ വിനോദത്തിന് എത്തുന്നവർക്കും പവിലിയനിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടാണ്. നിലവിൽ പവിലിയന് ചുറ്റും കാട് വളർന്ന് നിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.