നെടുങ്കണ്ടം: ശൂലപ്പാറയിൽ കൃഷിയിടത്തിലൂടെ വൈദ്യുതി ലൈൻ വലിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരെ നാട്ടുകാർ തടഞ്ഞു. സ്വകാര്യ വ്യക്തിക്കുവേണ്ടി പുതിയ വൈദ്യുതിലൈൻ വലിക്കാനാണ് കെ.എസ്.ഇ.ബി സബ് എൻജിനീയർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയത്.
എന്നാൽ, കുറഞ്ഞത് മൂന്നു പോസ്റ്റ് വേണ്ടി വരുമെന്നും ഏലം, കുരുമുളക് ഉൾപ്പെടെയുള്ള കൃഷിയിടങ്ങൾക്ക് മുകളിലൂടെ ലൈൻ വലിക്കാനാണ് അധികൃതരുടെ നീക്കമെന്നും വരും നാളിൽ കോതമംഗലത്തെ വാഴ വെട്ടൽ മോഡൽ നടപടി ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
പ്രതിഷേധം ശക്തമാക്കി നാട്ടുകാർ എത്തിയതോടെ വൈദ്യുതിലൈൻ വലിക്കുന്ന ജോലി നിർത്തി കെ.എസ്.ഇ.ബി അധികൃതർ മടങ്ങി. മുമ്പൊരിക്കൽ വൈദ്യുതിലൈൻ വലിക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാരുടെ പരാതിയെത്തുടർന്ന് ശ്രമം ഉപേക്ഷിച്ചിരുന്നു.
അധികൃതരുടെ ഏകപക്ഷീയ നടപടിക്കെതിരെ വൈദ്യുതിമന്ത്രി, കലക്ടർ തുടങ്ങിയവർക്ക് നാട്ടുകാർ പരാതി നൽകിയത് നിലനിൽക്കെയാണ് ബോർഡ് അധികൃതർ വീണ്ടും എത്തിയത്. നിലവിൽ റോഡരികിലായി ഒരു പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞയിടെ പണിത ബ്ലോക്ക് പഞ്ചായത്തിന്റെ കലുങ്കിന് സമീപമാണ്. കലുങ്കും തകരാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അതേസമയം, ഒരു വൈദ്യുതി തൂൺ ഇട്ട് ലൈൻ വലിക്കാൻ ഉത്തരവ് ഉള്ളതിനാലാണ് എത്തിയതെന്നും ഉത്തരവ് മാത്രമാണ് തങ്ങൾ നടപ്പാക്കുന്നതെന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
പ്രശ്നം രൂക്ഷമായപ്പോൾ പൊലീസ് എത്തി നടത്തിയ സമവായ ചർച്ചകളിൽ ശ്രമം ഉപേക്ഷിച്ച് കെ.എസ്.ഇ.ബി അധികൃതർ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.