പീരുമേട്: വില്ലേജ് ഓഫിസർമാർക്ക് ഹൈറേഞ്ചിൽ കൊടിയ ക്ഷാമം. ഇതുമൂലം സർട്ടിഫിക്കറ്റുകളും ഇതര സേവനങ്ങളും കിട്ടാത്ത സ്ഥിതിയാണ്. പീരുമേട് താലൂക്കിലെ പെരിയാർ, മഞ്ചുമല, വാഗമണ്‍ വില്ലേജ് ഓഫിസുകളിലാണ് ആഴ്ചകളായി ഓഫിസർമാർ ഇല്ലാത്തത്; പകരം ചുമതലക്കാരുമില്ല. ഓഫിസുകളിൽ അപേക്ഷകൾ കുമിയുകയാണ്. ബാങ്ക് വായ്പക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും വീട് വെക്കുന്നതിനുമെല്ലാമുള്ള അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. അവധിയിലുള്ള ഓഫിസർമാർക്ക് പകരം മറ്റ് വില്ലേജുകളിലെ ഓഫിസർമാർക്ക് ചാർജ് കൊടുത്തിടങ്ങളിലാകട്ടെ സ്വന്തം ഓഫിസ് ഡ്യൂട്ടി കഴിഞ്ഞിട്ട് ഇവർക്ക് പകരക്കാരന്റെ ജോലിചെയ്യാൻ നേരവുമില്ല. ഓഫിസർമാർ ഇല്ലാത്ത വില്ലേജുകളിൽ മറ്റ് ജീവനക്കാരും തോന്നുമ്പോഴാണ് എത്തുന്നതിനാൽ സേവനങ്ങൾ യഥാസമയം കിട്ടുന്നില്ല. വില്ലേജ് ഓഫിസുകൾക്കും ഓഫിസർമാർക്കും ഔദ്യോഗിക മൊബൈൽ, ലാൻഡ് ഫോണ്‍ കണക്ഷനുകൾ ഉണ്ടെങ്കിലും വിളിച്ചാൽ ഫോണ്‍ എടുക്കില്ല.
ഫീസടച്ച് ഓണ്‍ലൈനിൽ അപേക്ഷ നൽകി സർട്ടിഫിക്കറ്റ് ശരിയായോ എന്ന് പരിശോധിക്കാൻ അക്ഷയ സെന്റർ ജീവനക്കാരും അപേക്ഷകരും ഓഫിസുകൾ കയറിയിറങ്ങുകയാണ്. വിഷയത്തിൽ കലക്ടർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.