തൊടുപുഴ: പാൽ ഉൽപാദനത്തിൽ സ്വയം പര്യാപ്തതക്കൊരുങ്ങുകയാണ് ജില്ല. നിലവിലെ സാമ്പത്തിക വർഷത്തിൽ ജില്ലയിൽ പ്രതിദിനം ശരാശരി പാൽ ഉൽപാദനം 1,55,000 ലിറ്ററാണ്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി ശരാശരി ഇതേ അളവിൽ തന്നെ പാൽ ലഭിച്ചിട്ടുണ്ടെന്ന് ക്ഷീര വകുപ്പ് അധികൃതർ പറഞ്ഞു. പാൽ ഉൽപാദനത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ് ഇടുക്കി ജില്ല.
ഉൽപാദനം വർധിപ്പിക്കാൻ കിടാരി പാർക്കുകൾ, ക്ഷീരലയം തുടങ്ങിയ പദ്ധതികളും പുരോഗമിക്കുന്നുണ്ട്. നിലവിലെ സാമ്പത്തിക വർഷം വിവിധ പദ്ധതികളിലായി വകുപ്പ് 3.25 കോടി രൂപ ചെലവഴിച്ചു. കഴിഞ്ഞ വർഷം ഇത് 4.13 കോടി രൂപയായിരുന്നു. കാലത്തീറ്റയുടെ വിലവർധനവ് മേഖല നേരിടുന്ന പ്രധാന പ്രശ്നമാണ്. അസംസ്കൃത വസ്തുക്കൾ പുറത്തുനിന്നും കൊണ്ടുവരുന്നതാണ് വിലവർധനവിന് കാരണം. അതിനെ മറികടക്കാൻ വകുപ്പ് എല്ലാവർഷവും പുൽകൃഷിക്ക് ധനസഹായം നൽകുന്നുണ്ട്.
തരിശ് ഭൂമികളിൽ പുൽകൃഷി നടത്താനുള്ള പദ്ധതി വകുപ്പ് ആവിഷ്കരിച്ച് വരികയാണ്. ഡാമുകളുടെ ക്യാച്ച്മെന്റ് ഏരിയകൾ അടക്കം തരിശ് ഭൂമികൾ പദ്ധതിക്കായി ലഭ്യമാക്കാൻ കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. ക്ഷീര സംഘങ്ങൾ വഴി അവിടങ്ങളിൽ പുൽകൃഷി നടത്താമെന്നാണ് ആലോചന. ഈ സാമ്പത്തിക വർഷം 31,49,415 രൂപയാണ് പുൽകൃഷിക്ക് സഹായം നൽകിയിട്ടുള്ളത്.
ജില്ലയിൽ 60 ഹെക്ടറിലാണ് നിലവിൽ പുൽകൃഷിയുള്ളത്. ഹേർഡ് ക്വാറന്റൈൻ കം ട്രേഡ് സെന്റർ രണ്ടുവർഷമായി പ്രവർത്തിക്കുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് വാങ്ങുന്ന പശുക്കൾക്ക് രോഗങ്ങളുണ്ടെങ്കിൽ അവയെ ക്വാറൈന്റൻ സെന്ററിൽ പാർപ്പിച്ച് പരിശോധനകൾ നടത്തിയാണ് ആളുകൾക്ക് നൽകുന്നത്. യുവാക്കളായ പുതിയ കർഷകരെ ആകർഷിക്കുന്ന പ്രവർത്തനങ്ങളും നടന്ന് വരികയാണ്.
എന്നാൽ ഇവർ പരമ്പരാഗത കൃഷിയിൽനിന്ന് മാറി ഫാം രീതിയിൽ തുടങ്ങാനാണ് ആഗ്രഹിക്കുന്നത്. ഇവർക്കായി സ്മാർട് യുവ പോലുള്ള വിവിധ സ്കീമുകൾ നിലവിലുണ്ട്. 189 ക്ഷീര സംഘങ്ങളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.
ഇവയിൽ 181 എണ്ണം ആപ്കോസ് സംഘങ്ങളും എട്ട് പരമ്പരാഗത സംഘങ്ങളുമാണ്. പാൽ തണുപ്പിച്ച് സൂക്ഷിക്കാൻ സംവിധാനമുള്ള (ബൾക്ക് മിൽക്ക് കൂളർ-ബിഎംസി) 67 സംഘങ്ങളുണ്ട് ജില്ലയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.