തൊടുപുഴ: കൊച്ചറക്ക് സമീപമുള്ള ആനപ്പാറയിൽ പ്രാചീന ചരിത്രകാല സംസ്കാരത്തിന്റെ തെളിവുകൾ കണ്ടെത്തിയത് കേരള ചരിത്രത്തിലെ നിർണായക കണ്ടെത്തലായി മാറുമെന്ന് ചരിത്രാന്വേഷികൾ പറയുമ്പോഴും ജില്ലയിലെ മഹാശിലായുഗ ശേഷിപ്പുകൾ പലതും നാശത്തിന്റെ വക്കിലാണ്. കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ 2024 ഡിസംബർ മുതൽ 2025 ഫെബ്രുവരി വരെ നടത്തിയ പുരാവസ്തു ഖനനത്തിലാണ് അനപ്പാറയിൽ മനുഷ്യ വാസയിടം കണ്ടെത്തിയയത്.
കേരളത്തിലെ മഹാശിലായുഗ സംസ്കാരവുമായി ബന്ധപ്പെട്ട് നിരവധി പുരാവസ്തുക്കൾ മുമ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും നേരിട്ടുള്ള മനുഷ്യവാസത്തെ സംബന്ധിച്ച തെളിവുകൾ ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല. ഈ സാഹചര്യത്തിൽ, ആനപ്പാറയിലെ കണ്ടെത്തലുകൾ കേരളത്തിലെ പുരാവസ്തു പഠനത്തിൽ പുതിയ ദിശാസൂചനകളേകുമെന്നാണ് ചരിത്രകാരൻമാർ പറയുന്നു.
സംരക്ഷണം വേണം ശേഷിപ്പുകൾക്ക്
ജില്ലയിൽ ധാരാളം മഹാശിലായുഗ അവശേഷിപ്പുകൾ കാണപ്പെടുമ്പോഴും അതിലധികവും റിപ്പോർട്ട് ചെയ്യപ്പെടാതെ നശിച്ചുപോവുകയാണ്. വളരെ കുറവാണ് സംരക്ഷിക്കപ്പെടുന്നവ. ഇരുമ്പുയുഗ ആദിമ ചരിത്രകാലഘട്ടത്തിലെ മഹാശിലായുഗ ശവകുടീരങ്ങൾ കേരളത്തിൽ വ്യാപകമായി കാണപ്പെടുന്നു. അവയിൽ പ്രധാനമായും കണ്ടുവരുന്ന മുനിയറകൾ, കൽവെട്ട് ഗുഹകൾ, നടുകല്ലുകൾ, നന്നങ്ങാടികൾ തുടങ്ങിയ ശവമടക്ക് രീതികൾ ഇടുക്കി ജില്ലയിൽ വലിയ തോതിൽ കാണപ്പെടുന്നവയാണ്. ചെല്ലാർക്കോവിൽ, രാജക്കണ്ടം, ഞാറക്കുളം എന്നിവിടങ്ങളിൽ ഇത്തരത്തിലുള്ള ശവകുടീരങ്ങൾ മുൻകാലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
അനപ്പാറയിലെ ഉത്ഖനന പ്രവർത്തനങ്ങൾ ഇടുക്കി പ്രദേശത്തിന്റെ പ്രാചീന ചരിത്രത്തെ കൂടുതൽ വ്യക്തമാക്കിയിരിക്കുന്നതാണ്. നെടുങ്കണ്ടത്ത് റോമൻ നാണയശേഖരം കിട്ടിയതായി മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ യഥാർഥ സ്ഥാനം അനിശ്ചിതമാണ്. ആനപ്പാറയിൽ കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും ഉൾപ്പെടെ പുരാവസ്തു ഖനനം നടത്തേണ്ടതുണ്ടെങ്കിലും ഈ സ്ഥലത്തിന്റെ സ്വഭാവത്തെക്കുറിച്ച് നിലവിലെ ഗവേഷണ പ്രവർത്തങ്ങളിൽ നിന്നും ലഭിച്ച വസ്തുക്കൾ ഉപയോഗിച്ച് ചില നിരീക്ഷണങ്ങൾ നടത്താനാകുമെന്നാണ് അധികൃതർ പറയുന്നത്.
മറയൂരിലെ മുനിയറ
പെരിയാർ താഴ്വാര ബന്ധിപ്പിച്ച ഇടം
ആനപ്പാറ കമ്പംമെട്ടിന് സമീപം, ചുരുളിയാർ-വൈഗൈ താഴ്വരയിലാണ്. കമ്പം-തേനി പ്രദേശത്ത് റോമൻ നാണയങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളും മെഗാലിതിക് ശ്മശാനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഈ സ്ഥലം പെരിയാർ താഴ്വരയും പട്ടണം പ്രദേശത്തേയും ബന്ധിപ്പിച്ചിരിക്കാം. അതേസമയം, കിഴക്കൻ തീരത്തെ മധുര, കീഴടി, അഴകൻകുളം തുടങ്ങിയ സ്ഥലങ്ങളുമായും ബന്ധം പുലർത്തിയിട്ടുണ്ടാകാം. ചിലപ്പതികാരത്തിന്റെ എഴുത്തിൽ ചേരൻ ചെങ്കുട്ടുവൻ മലകളിലെ സമ്പത്തുകൾ കാണാൻ എത്തിയതായി പരാമർശമുണ്ട്. മലനിരകളിലെ ആദിവാസി സമൂഹമായ ഉരവർ അവനെ ചന്ദനം, തേങ്ങ, മാങ്ങ, പ്ലാവ്, വാഴ എന്നിവ ഉൾപ്പെടെ ധാരാളം വിഭവങ്ങൾ നൽകി സ്വീകരിച്ചതായി ഇതിൽ കാണാം.
കൂടാതെ, വന്യജീവികളെയും പക്ഷികളെയും സമ്മാനമായി നൽകിയതായി പറയുന്നു. കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ, കൂടാതെ കാർബൺ ഡേറ്റിങ് പോലുള്ളവ, അനപ്പാറയിലെ മനുഷ്യവാസത്തെയും സാംസ്കാരിക പ്രവർത്തനങ്ങളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുന്നതാണ്. കൂടുതൽ പഠനങ്ങളിലൂടെയേ ഇത്തരം മണ്ണിലുറങ്ങുന്ന ചരിത്രങ്ങളെ സംരക്ഷിക്കാൻ കഴിയൂ.
ചരിത്രം ഉറങ്ങുന്ന മറയൂരിലെ മുനിയറകൾ
2200ലധികം മുനിയറകൾ കണ്ടെത്തിയിരുന്നെങ്കിലും ശേഷിക്കുന്നത് 1500ൽ താഴെ മാത്രം. വേണ്ടത്ര സംരക്ഷണമില്ലാതെ മറയൂരിൽ നാശത്തിലേക്ക് പോയ ഒന്നാണ് ചരിത്ര സ്മാരകങ്ങളായ മുനിയറകൾ. 3000 വർഷം പഴക്കമുള്ള മുനിയറകൾ എന്നറിയപ്പെടുന്ന കൽവീടുകൾ ഇന്നും അൽഭുതമാണ്. പാറക്കുന്നുകളിൽ പാത്തികളായി പിളർന്നെടുത്ത കല്ലുകൾ അഞ്ചടി ഉയരത്തിൽ മൂന്ന് വശത്ത് കല്ലുകൾ മതിലായും ഒരുകല്ല് മേൽക്കൂരയായും ഉപയോഗിച്ച് നിർമിച്ചിരിക്കുന്നതാണ് ഇപ്പോഴത്തെ ചരിത്രസ്മാരകങ്ങളായ മുനിയറകൾ.
ബി.സി ആയിരത്തിലാണ് ഇവ നിർമിച്ചതെന്ന് പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇരുമ്പിന്റെ സാന്നിധ്യമില്ലാത്ത കാലഘട്ടത്തിലാണ് ഇത്തരം മുനിയറകൾ നിർമിച്ചിരിക്കുന്നത്. രണ്ട് തരം മുനിയറകളാണുള്ളത്. പാറക്കുന്നുകളുടെ മുകളിൽ സ്ഥിതിചെയ്യുന്നത് തപസ്സ് അനുഷ്ഠിക്കാനുള്ള പീഠമായും മണ്ണിന്റെ അടിയിലുള്ളത് ശവശരീരം നന്നങ്ങാടിയിൽ പൊതിഞ്ഞ് മറവുചെയ്യുന്നതുമാണ്. മുനിയറകളെസംബന്ധിച്ച് പഠിക്കാനും അന്നത്തെ ജീവിതരീതികളെക്കുറിച്ച് മനസ്സിലാക്കാനും എത്തുന്നത്നിരവധി പേരാണ്.
ആനപ്പാറയിൽ ഉദ്ഖനനത്തിൽ കണ്ടെത്തിയ വസ്തുക്കൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.