യുവാവിനെ മർദിച്ചുവെന്ന പരാതി അടിസ്ഥാനരഹിതമെന്ന്; ദൃശ്യങ്ങൾ തെളിവുനൽകി പൊലീസ്

കേളകം: ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവാവിനെ കേളകം പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ മർദിച്ചുവെന്ന പരാതി അടിസ്ഥാനരഹിതമെന്ന് കേളകം എസ്.എച്ച്.ഒ എസ്. അജയ് കുമാർ. പാൽചുരത്തെ സ്വകാര്യ വ്യക്തിയുടെ കടയുടെ ജനൽ ചില്ലുകൾ അടിച്ചുപൊട്ടിച്ച സംഭവത്തിൽ, പ്രതികളെ അറിയാമെന്ന് ആൽബിൻ പറഞ്ഞതിനെ തുടർന്നാണ് വിവരങ്ങൾ ശേഖരിക്കാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. കൃത്യത്തിൽ പങ്കെടുത്ത ആളുകളുടെ പേരുകൾ മൊഴിനല്കുകയും ചെയ്തു. യുവാവ് സ്റ്റേഷനിൽ വന്നതിന്റെയും പോയതിന്റെയും പൊലീസുകാരൊപ്പം ഒരുമിച്ച് ഭക്ഷണം കഴിച്ചതിന്റെയും തുടർന്ന് വിവിധ സ്ഥലങ്ങളിൽ പോയതിന്റെറയും സി.സി.ടി.വി ദൃശ്യങ്ങളാണ് മർദിച്ചിട്ടില്ല എന്നതിന് പൊലീസ് തെളിവായി നല്കിയത്. നാല് പൊലീസുകാരാൽ മർദിച്ചുവെന്ന് പറയപ്പെടുന്ന യുവാവ് സന്തോഷവാനായാണ് സ്റ്റേഷനിൽനിന്ന് ഇറങ്ങിപ്പോയത്. പൊലീസുകാർ പൊട്ടിച്ചു എന്നുപറയുന്ന മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് നടന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ആൽബിൻ പറഞ്ഞ പ്രതികളുടെ പേരുകൾ പുറത്താവുകയും പ്രമുഖ നേതാവിന്റെ അനുജൻ ഉൾപ്പെടെയുള്ളവർ കേസിൽ പ്രതിയാകും എന്നതിനാലുമാണ് പൊലീസിനെതിരെ വ്യാജ ആരോപണവുമായി ബന്ധുക്കൾ എത്തിയതെന്നു സംശയിക്കുന്നതായും എസ്.എച്ച്.ഒ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.