കമിതാക്കളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

തലശ്ശേരി: നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ രഹസ്യകാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ആശാരിപ്പണിക്കാരനായ പന്ന്യന്നൂർ സ്വദേശി വിജേഷ് (30), സ്വകാര്യ ബസ് കണ്ടക്ടർ മഠത്തുംഭാഗം പാറക്കെട്ട് സ്വദേശി അനീഷ് (36) എന്നിവരെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വിജേഷ് ഭിന്നശേഷിക്കാരനാണ്. ഈ സംഭവത്തിൽ മൂന്നംഗ സംഘത്തെ സ്വമേധയാ കേസെടുത്ത് ടൗണ്‍ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രണ്ടുപേർ അറസ്റ്റിലായത്. തലശ്ശേരി ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.വി. ബിജു, എസ്.ഐ ആര്‍. മനു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തലശ്ശേരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങളിലും മറ്റും ഒളിഞ്ഞുനിന്ന് ഇവിടെയെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ കാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്നതാണ് പ്രതികൾക്കെതിരെയുള്ള കുറ്റം. പകർത്തിയ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. തലശ്ശേരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ സ്റ്റേഡിയം പരിസരത്തെ ഓവര്‍ബറീസ് ഫോളി, തലശ്ശേരി കോട്ട, സെന്റിനറി പാര്‍ക്ക് എന്നിവിടങ്ങളില്‍നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു. സൈബര്‍ പൊലീസിന്റെ സഹായത്തോടെയാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുസംബന്ധിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.