തളിപ്പറമ്പ് നഗരസഭ: പ്ലാസ്റ്റിക്കിന്​ ഗുഡ്​ബൈ; യോഗം ചേർന്നു

തളിപ്പറമ്പ്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെയും മറ്റും ഉൽപാദനവും സംഭരണവും ഉപയോഗവും നിരോധിക്കുന്ന നടപടി ശക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി ജില്ല കലക്ടറുടെ നിർദേശപ്രകാരം തളിപ്പറമ്പ് ആർ.ഡി.ഒയുടെ ചേംബറിൽ യോഗം ചേർന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. തളിപ്പറമ്പ് ഡിവൈ.എസ്.പി, ഹരിത കേരള മിഷൻ കോഓഡിനേറ്റർ, തളിപ്പറമ്പ് തഹസിൽദാർ, നഗരസഭ പ്രതിനിധി, വ്യാപാരികളുടെ പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ചാണ് യോഗം ചേർന്നത്. പ്ലാസ്റ്റിക്കിന് പകരമായി വന്ന ഉൽപന്നങ്ങൾ ചെലവാകുന്നില്ലെന്നും ഇപ്പോഴും നിരോധിത ഉൽപന്നങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരായി ആദ്യഘട്ടമായി ബോധവത്​കരണം നടത്താൻ തീരുമാനിച്ചു. ഇതിനോടൊപ്പം പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് പകരമായുള്ള കാരിബാഗുകൾ നിർമിക്കുന്ന സംരംഭകരെ പങ്കെടുപ്പിച്ച് വിപണന മേള നടത്താനും ഇവ വ്യാപാരികളിൽ എത്തിച്ചതിനുശേഷം പരിശോധന ഊർജിതമാക്കി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചു. ഇതിനായി അടുത്ത ദിവസംതന്നെ നഗരസഭയുടെ നേതൃത്വത്തിൽ വ്യാപാരികളുടെ യോഗം വിളിക്കും. ഹരിത കേരള മിഷന്‍റെ നേതൃത്വത്തിൽ ക്ലാസ് നൽകുമെന്നും റവന്യൂ വകുപ്പ്‌ ഉൾപ്പെടെ മിനി സിവിൽ സ്റ്റേഷനിലെ ഓഫിസുകളും താലൂക്ക് ഓഫിസും പ്ലാസ്റ്റിക് മുക്തമാക്കുമെന്നും ആർ.ഡി.ഒ ഇ.പി. മേഴ്സി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.