കണ്ണൂർ കോർപറേഷനിൽ നടന്ന ഫയൽ അദാലത്തിൽ മേയർ ടി.ഒ. മോഹനന്‍റെ നേതൃത്വത്തിൽ പരാതികൾ കേൾക്കുന്നു

ഫയലുകൾ കെട്ടിക്കിടക്കുന്നു, കണ്ണൂർ കോർപറേഷനിൽ ഇനി അദാലത്തുകൾ

കണ്ണൂർ: കോർപറേഷനിൽ ദീർഘകാലമായി കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പുകൽപിക്കുന്നതിനായി രണ്ടുമാസത്തിലൊരിക്കലെങ്കിലും കോർപറേഷൻ ഓഫിസിലും സോണൽ ഓഫിസുകളിലും ഫയൽ അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് മേയർ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു. നടപടിക്രമങ്ങളിലെ കാലതാമസം കൊണ്ട് സാധാരണ ജനങ്ങൾക്ക് നീതി ലഭിക്കാതിരിക്കുന്നത് ആധുനിക കാലഘട്ടത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ കോർപറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഫയൽ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റവന്യൂ, എൻജിനീയറിങ്, ആരോഗ്യം, മറ്റ് പൊതുവിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് തീർപ്പാക്കാനുള്ള 218 ഫയലുകളും പുതുതായി ലഭിച്ച നൂറോളം അപേക്ഷകളും അദാലത്തിൽ പരിഗണിച്ചു.

ഇവയിൽ നൂറോളം ഫയലുകളിൽ തീർപ്പുകൽപിച്ചു. ബാക്കിയുള്ളവ മറ്റു നടപടിക്രമങ്ങൾ പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് തീർപ്പാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മേയർ നിർദേശം നൽകി. ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം.പി. രാജേഷ്, അഡ്വ. പി. ഇന്ദിര, സിയാദ് തങ്ങൾ, സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, അഡീഷനൽ സെക്രട്ടറി വി.വി. ലതേഷ് തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരും വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥരും അദാലത്തിൽ സംബന്ധിച്ചു.

Tags:    
News Summary - Adalats for pending Files in kannur Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.