കണ്ണൂർ: ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ 40ാമത് അറക്കൽ സുൽത്താനായി ചുമതലയേറ്റു. സുൽത്താന ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവിയുടെ നിര്യാണത്തോടെയാണ് മുസ്ലിംരാജ കുടുംബത്തിലെ സുൽത്താൻ സ്ഥാനത്തേക്ക് കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ അവരോധിക്കപ്പെട്ടത്.
കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗം സുൽത്താൻ സ്ഥാനം ഏറ്റെടുക്കുന്ന രീതിയാണ് പാരമ്പര്യമായി പിന്തുടരുന്നത്. കണ്ണൂരിലെ മുഖ്യ ഖാദി സ്ഥാനവും പള്ളികളുടെ മുതവല്ലി സ്ഥാനവും ഒട്ടനവധി അറക്കൽ കുടുംബസ്വത്തുകളുടെയും പൈതൃക ശേഷിപ്പുകളുടെയും കൈകാര്യ കർതൃത്വ അധികാര സ്ഥാനവും ഉൾപ്പെടെ മുസ്ലിം സാമൂഹിക ജീവിതത്തിൽ നിർണായകമായ സ്ഥാനമാണ് അറക്കൽ സുൽത്താനുള്ളത്.
1959ൽ നടന്ന ചരിത്ര പ്രസിദ്ധമായ അറക്കൽ രാജ കുടുംബത്തിലെ സ്വത്ത് ഭാഗംവെക്കൽ യോഗത്തിൽ പങ്കെടുത്തവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക പുരുഷ അംഗമാണ് ആദിരാജ ഹമീദ് ഹുൈസൻ കോയമ്മ. അറക്കൽ കുടുംബവീട്ടിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. അന്തരിച്ച ബീവിയുടെ മകൻ അബ്ദുൽ ശുക്കൂർ ആദിരാജ രാജകുടുംബത്തിെൻറ അധികാര ചിഹ്നമായ വാൾ കൈമാറിയാണ് ഔദ്യോഗികമായ അധികാര കൈമാറ്റം നടന്നത്. എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ്, മേയർ അഡ്വ. ടി.ഒ. മോഹനൻ, ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, കണ്ണൂർസിറ്റി ജുമാമസ്ജിദ് ഖത്തീബ് അബ്ദുൽ നാസർ മൗലവി, കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മ ജനറൽ സെക്രട്ടറി റുഷ്ദി ബിൻ റഷീദ് തുടങ്ങിയവർ സംബന്ധിച്ചു. 80 വയസ്സുള്ള ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ കണ്ണൂർ നഗരത്തിൽ മലഞ്ചരക്ക് വ്യാപാരിയാണ്. പരേതരായ ആദിരാജ ഖദീജ എന്ന ഉമ്പിച്ചി ബീവിയുടെയും ഉമ്മർകുട്ടി എളയയുടെയും മകനാണ്.
താണയിലെ സ്വവസതിയായ 'ഷാസി'ലാണ് ഇപ്പോൾ താമസം. ഭാര്യ: പരേതയായ കല്ലാപുതിയ വീട്ടില്‍ സഹീദ. ഏക മകൻ ഇബ്രാഹീം ഷമീസ് ഐ.ടി ബിസിനസ് മേഖലയിലാണ്. സഹോദരങ്ങള്‍ ഖദീജ ആദിരാജ, ഖൈറുന്നിസ ആദിരാജ, പരേതരായ ആദിരാജ ഇസ്മായീല്‍ കോയമ്മ, പരേതയായ സക്കീന ആദിരാജ. കണ്ണൂരിെൻറയും അറക്കൽ രാജകുടുംബത്തിെൻറയും ചരിത്ര പൈതൃകങ്ങൾ സംരക്ഷിക്കാൻ കുടുംബം പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് ചുമതലയേറ്റശേഷം ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.