കണ്ണൂർ: ബാങ്കിൽ പണയംവെച്ച സ്വർണം കവർന്ന് പകരം മുക്കുപണ്ടംവെച്ച് തട്ടിപ്പ് നടത്തിയ ബാങ്ക് ഉദ്യോഗസ്ഥൻ സുജേഷ് കോടികൾ തട്ടിയെടുത്തതായി പരാതി. മുന്നേ ജോലി ചെയ്ത പള്ളിക്കുന്നിലെ കേരള ഗ്രാമീൺ ബാങ്ക് ഡിജിറ്റൽ ബാങ്കിങ് സർവിസ് ഓഫിസിൽ അസി. മാനേജരായി ജോലി ചെയ്യവേയാണ് 1,46,31733 രൂപ വിവിധ ഘട്ടങ്ങളിലായി തട്ടിയെടുത്തത്. ബാങ്കിൽ ജോലി ചെയ്തിരുന്ന 2020 ജൂലൈ ഒന്നു മുതൽ 2024 ജൂൺ 23 വരെയുള്ള കാലയളവിലാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്.
ബാങ്കിന്റെ കോർ ബാങ്കിങ് സൊലൂഷൻ സോഫ്റ്റ് വെയറിൽ വ്യാജമായി ഫയലുകൾ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ മാസം ജീവനക്കാരൻ പിടിയിലായതിന് ശേഷം പൊലീസ് നിർദേശത്തെ തുടർന്ന് മുന്നേ ജോലി ചെയ്ത സ്ഥലത്തു നടത്തിയ പരിശോധനയിലാണ് കോടികൾ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.
അടുത്ത ദിവസം തന്നെ കേസിൽ ജയിലിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് കൊടേരി പറഞ്ഞു.
കേരള ഗ്രാമീൺ ബാങ്ക് താഴെ ചൊവ്വ ബ്രാഞ്ച് അസി. മാനേജറായ കണ്ണാടിപറമ്പിലെ വി. സുജേഷ് 34 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് ബാങ്കിലെ ലോക്കറിൽനിന്ന് കൈവശപ്പെടുത്തി പകരം തിരൂർ പൊന്ന് ലോക്കറിൽ വെക്കുകയായിരുന്നു. ജയിലിൽ കഴിയുന്ന സുജേഷിനെ ബാങ്ക് ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.