ചക്കരക്കല്ല്: ബംഗളൂരുവിലെ ബേക്കറി ഉടമ പി.പി. മുഹമ്മദ് റഫീഖിനെ കാറിൽ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഇരിക്കൂർ പടയങ്ങോട് പുതിയ പുരയിൽ ഹൗസിൽ ഷിനോജിനെ (40)യാണ് ചക്കരക്കല്ല് പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണ്. തട്ടിക്കൊണ്ടു പോയി പണം കവർന്ന സംഭവത്തിൽ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിലെ ബേക്കറി ഉടമയായ ഏച്ചൂർ കമാൽപീടികയിലെ തവക്കൽ ഹൗസിൽ പി.പി. റഫീഖി (45)നെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി ഒമ്പതുലക്ഷം രൂപ കവർന്നത്. കവർച്ചസംഘം ഉപയോഗിച്ച കാറും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
സെപ്റ്റംബർ അഞ്ചിന് പുലർച്ചയാണ് റഫീഖിനെ അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയത്. ബംഗളൂരുവിൽനിന്ന് ബസിൽ ഏച്ചൂർ കമാൽപീടികയിൽ ഇറങ്ങിയ ഉടനെ കാറിലെത്തിയ സംഘം കൈയിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും തട്ടിയെടുത്ത് ക്രൂരമായി മർദിച്ച് റഫീഖിനെ കാപ്പാട് വിജനമായ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. കൃത്യമായ അന്വേഷണത്തിലൂടെയാണ് പൊലീസ് മുഴുവൻ പ്രതികളെയും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.