ചക്കരക്കല്ല്: ചക്കരക്കല്ലിൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ല ബിൽഡിങ് മെറ്റീരിയൽ കോഓപറേറ്റീവ് സൊസൈറ്റിയിൽ കോടികളുടെ തിരിമറി. വിവരം പുറത്തായതോടെ നിക്ഷേപകർ കൂട്ടമായി തുക പിൻവലിക്കാനെത്തുകയാണ്.
ആർക്കും ഒരു രൂപ പോലും തിരിച്ചുനൽകാനാതെ കൈ മലർത്തുകയാണ് സൊസൈറ്റി അധികൃതർ. ഓഡിറ്റിങ്ങിന്റെ ഭാഗമായി പരിശോധനക്കെത്തിയപ്പോൾ ആവശ്യമായ ഫയലുകൾ പരിശോധനക്ക് നൽകിയില്ല. മാത്രമല്ല കമ്പ്യൂട്ടറൈസേഷൻ ഇല്ലാത്തതിനാൽ സ്പെഷൽ ഓഡിറ്റിങ് നിർദേശിച്ചു. ഈ പരിശോധന തുടങ്ങിയതോടെയാണ് വലിയ സാമ്പത്തിക ക്രമക്കേട് പുറത്തായത്.
സ്ഥിര നിക്ഷേപക്കാർ, ഗ്രൂപ്പ് ഡപ്പോസിറ്റ് സ്കീമിൽ ചേർന്നവർ തുടങ്ങി വിവിധ ഇടപാടുകൾ നടത്തുന്നവരാണ് ബുധനാഴ്ച രാവിലെ മുതൽ സൊസൈറ്റിയിൽ പണം പിൻവലിക്കാനെത്തിയത്. ചിലരുടെ ചിട്ടി ഇനത്തിൽ അടച്ച തുക വരെ അക്കൗണ്ടിൽ വരവ് വെച്ചിട്ടില്ലെന്നും കണ്ടെത്തി.
അതേസമയം ഗ്രൂപ്പ് ഓഡിറ്റിങ്ങിന്റെ ഭാഗമായി സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കണക്കുകൾ വിശദമായി പരിശോധിച്ചു വരുകയാണ്. സ്ഥിര നിക്ഷേപം നൽകിയ ചിലർ തുക പിൻവലിക്കാൻ എത്തിയപ്പോൾ മറ്റൊരു ദിവസം വരാൻ പറയുകയായിരുന്നു. ഇതിൽ സംശയം തോന്നിയ ചിലർ മറ്റു നിക്ഷേപകരുമായി ബന്ധപ്പെടുകയും പിന്നീടുള്ള ദിവസങ്ങളിൽ കൂടുതൽ പേർ തുക പിൻവലിക്കാനെത്തുകയായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ സ്ഥാപനത്തിൽ ഇതുവരെയായും കമ്പ്യൂട്ടർവത്കരണം നടത്തിയിട്ടില്ല. അതിനാൽ സാമ്പത്തിക തിരിമറിയും ക്രമക്കേടും വിശദമായ പരിശോധനയിൽ മാത്രമേ കണ്ടെത്താനാകൂ. ഏതാനും വർഷം മുമ്പ് കമ്പ്യൂട്ടറുകൾ വാങ്ങിയെങ്കിലും സ്ഥാപിച്ചിരുന്നില്ല. ലോൺ നൽകിയ വകയിൽ വലിയ തുക കിട്ടാതെ വന്നതും വിളിച്ചെടുത്ത ചിട്ടി അടക്കാതെ വന്നതുമാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് സെക്രട്ടറി ഇ.കെ. ഷാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.