ചെറുപുഴ: കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്ക് വായ്പ നല്‍കേണ്ടതില്ലെന്ന് തീരുമാനം. ചെറുപുഴ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെതാണ് വിചിത്ര നടപടി. പിന്നാക്ക ക്ഷേമ കോര്‍പറേഷനില്‍ നിന്ന് സി.ഡി.എസിന് ലഭിക്കുന്ന തുക കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പയായി നല്കുമ്പോള് പരിപാടിയില്‍ പങ്കെടുക്കാത്തവരെ പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം. വായ്പ അപേക്ഷയുമായി ബന്ധപ്പെട്ട് കുടുംബശ്രീ ഗ്രൂപ്പുകളില്‍ നടന്ന ചര്‍ച്ചയുടെ ശബ്ദസന്ദേശം നവമാധ്യമങ്ങളിലൂടെ പുറത്താവുകയായിരുന്നു.
പരിപാടിയുമായി സഹകരിക്കാതിരുന്നവരുടെ അപേക്ഷകള്‍ വാങ്ങേണ്ടതില്ലെന്ന് വാര്‍ഡ് തലത്തിലെ എ.ഡി.എസ് അംഗങ്ങള്‍ താഴെത്തട്ടിലുള്ളവര്‍ക്ക് വാക്കാല്‍ ആണ് നിർദേശം നൽകിയത്. കുടുംബശ്രീ തീരുമാനത്തിനെതിരെ ചെറുപുഴ ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രതിനിധി തന്നെ രംഗത്തെത്തി. എന്നാല്‍, പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ നിന്നുള്ള എ.ഡി.എസ് പ്രതിനിധികളുടെ നിര്‍ദേശപ്രകാരമാണ് സി.ഡി.എസ് ഭരണസമിതി ഇത്തരത്തില്‍ തീരുമാനമെടുത്തതെന്ന് ചെയര്പേഴ്സൻ പറഞ്ഞു. തിരികെ സ്കൂളിലേക്ക് എന്ന പരിപാടി പഞ്ചായത്തിലെ എട്ട് ഇടങ്ങളില്‍ നടത്തിയിരുന്നു. ദൂരെ സ്ഥലത്തെ ജോലി, പ്രായമായ അംഗങ്ങളുടെ പരിചരണം, കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ എന്നിങ്ങനെ വിവിധ കാരണങ്ങള്‍ അറിയിച്ചവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇളവും നല്കി. എന്നിട്ടും പരിപാടിയോട് പൂര്‍ണമായും നിസ്സഹകരിച്ചവരെയാണ് വായ്പ അപേക്ഷക്കായി പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.