ചെറുപുഴ: ടൗണുമായി ബന്ധിപ്പിക്കുന്ന പഞ്ചായത്ത് റോഡുകള്‍ തകര്‍ന്നു കിടക്കുന്നത് യാത്രക്കാരെ വലക്കുന്നു. ചെറുപുഴ ടൗണിലേക്ക് ഈസ്റ്റ് എളേരി പഞ്ചായത്തിലെ തവളക്കുണ്ട്, ആയന്നൂര്‍, അരിമ്പ, കടുമേനി, കമ്പല്ലൂര്‍ ഭാഗങ്ങളിലുള്ളവര്‍ എത്തിച്ചേരുന്ന ചെറുപുഴ ചെക്ക് ഡാം റോഡിന്റെ ഒരു കിലോമീറ്റര്‍ ദൂരം പൂര്‍ണമായി തകര്‍ന്നുകിടക്കുകയാണ്.
ചെക്ക് ഡാം പരിസരത്തുനിന്നും പാര്‍ക്ക് വഴി ബസ് സ്റ്റാന്‍ഡിലേക്കും തിയറ്റര്‍ റോഡിലൂടെ പഞ്ചായത്ത് ഓഫിസിലേക്ക് എത്തുന്ന റോഡും ടാറിങ് ഇളകി ഗതാഗതം ദുഷ്കരമായിട്ട് രണ്ടുവര്‍ഷത്തിലേറെയായി. പഞ്ചായത്ത് ഓഫിസ്, ബസ് സ്റ്റാൻഡ്, താഴെ ടൗണ്‍ഭാഗം, പഞ്ചായത്ത് വക പാര്‍ക്ക്, കുട്ടികളുടെ പാര്‍ക്ക് എന്നിവിടങ്ങളിലേക്ക് വരുന്നവരാണ് റോഡിന്റെ ശോച്യാവസ്ഥ മൂലം കഷ്ടപ്പെടുന്നത്. പാര്‍ക്കിനോട് ചേര്‍ന്നുകിടക്കുന്ന ഭാഗത്ത് റോഡില്‍ വലിയ കുഴിയും മഴ പെയ്താല്‍ വെള്ളക്കെട്ടുമാണ്. വെള്ളം കെട്ടിക്കിടക്കുന്ന കുഴികളിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാര്‍ക്കില്‍ വിശ്രമിക്കാനെത്തുന്നവരുടെ മേല്‍ ചളിവെള്ളം തെറിക്കുന്നത് പതിവാണ്.
തിയറ്റര്‍ റോഡിലൂടെയും മേലെ ബസാര്‍ ബാങ്ക് ജങ്ഷനിലൂടെയും പഞ്ചായത്ത് ഓഫിസിലേക്ക് വരുന്ന റോഡില്‍ ഇളകിക്കിടക്കുന്ന കല്ലുകള്‍ ഓഫ്റോഡുകളെ ഓര്‍മപ്പെടുത്തുന്നതാണ്. റോഡ് അറ്റകുറ്റപ്പണിക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും അറ്റകുറ്റപ്പണിക്ക് മാത്രം നടപടിയുണ്ടാകുന്നില്ല.
വീതികുറഞ്ഞ റോഡിലൂടെ വാഹനങ്ങള്‍ പ്രയാസപ്പെട്ട് കടന്നുപോകുമ്പോള്‍ വഴിയാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതവും ചെറുതല്ല. പാര്‍ക്കില്‍ നിന്നും ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡ് പുഴയോട് ചേര്ന്നുളളതായതിനാല് വാഹനങ്ങള്‍ കടന്നുവരുമ്പോള്‍ എങ്ങോട്ടു മാറിനടക്കണമെന്നറിയാതെ കാല്‍നടയാത്രക്കാര്‍ കഷ്ടപ്പെടുന്നത് പതിവ് കാഴ്ചയാണ്. ഈ ഭാഗത്ത് ബാര്‍ ഉള്ളതിനാല്‍ അവിടേക്ക് വരുന്ന വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതും ദുരിതം വര്‍ധിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.