കണ്ണൂർ: ഒന്നരവർഷം കൊണ്ട് ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ ആസ്ഥാന മന്ദിര നിർമാണ പ്രവൃത്തി പാതിവഴിയിൽ നിലച്ചു. അഞ്ചുമാസമായി കെട്ടിട നിർമാണം പൂർണമായി നിലച്ച നിലയിലാണ്.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ആരംഭിച്ച പ്രവൃത്തിയുടെ സ്ട്രക്ചർ ജോലി മാത്രമാണ് പൂർത്തിയായത്. ബാക്കിയുള്ള സീലിങ് പ്രവൃത്തി, ക്യുബിക്കിള്‍സ്, ഇന്റീരിയര്‍ പ്രവൃത്തികൾക്ക് തുക വകയിരുത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.
എന്നാൽ, ഇതിനായി മൂന്നു കോടി രൂപ കോർപറേഷൻ നൽകാമെന്ന് അറിയിച്ചെങ്കിലും ഏറ്റെടുത്ത് നടത്താന്‍ സാധ്യമല്ലെന്ന് കിഫ്ബി അറിയിച്ചതോടെ പ്രതിസന്ധിയിലായി.
കൂടാതെ നിർമാണ പ്രവൃത്തി നടത്തുന്ന ഊരാളുങ്കലിന് ഇതുവരെ നടന്ന പ്രവൃത്തിയുടെ തുക നൽകാത്തതിനാൽ അഞ്ചുമാസമായി നിർമാണവും നിലച്ചു.
കിഫ്ബിയിൽ കോർപറേഷൻ ഫണ്ട് നൽകി ഊരാളുങ്കലിനെ കൊണ്ട് തന്നെ പ്രവൃത്തി പൂർത്തിയാക്കാനുള്ള തീരുമാനത്തിലാണ് കോർപറേഷനുള്ളത്. ഇതിനായി സംസ്ഥാന സർക്കാറിന് കത്ത് നൽകിയിട്ടുണ്ടെന്ന് മേയർ അറിയിച്ചു. അഞ്ചുനിലകളിലായാണ് കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്.
കോർപറേഷൻ രൂപവത്കരിച്ചതിനു ശേഷം കൗൺസിൽ നേരിട്ട പ്രധാന വെല്ലുവിളി പുതുതായി അനുവദിച്ച ജീവനക്കാരടക്കമുള്ളവരെ ഉൾക്കൊള്ളുവാൻ ഉതകുന്ന രീതിയിലുള്ള ആസ്ഥാന മന്ദിരത്തിന്റെ അഭാവമായിരുന്നു. ഇതോടെയാണ് പുതിയ കെട്ടിട പ്രവൃത്തി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.