കണ്ണൂർ: പുതുവർഷ ആഘോഷരാവുകൾക്ക് മത്തുപകരാൻ ജില്ലയിലേക്ക് ലഹരി ഒഴുകുന്നു. രഹസ്യമായും പരസ്യമായും നടക്കുന്ന ആഘോഷങ്ങൾ കൊഴുപ്പിക്കാനുള്ള ലഹരി പദാർഥങ്ങൾ സംഭരിക്കാനുള്ള തിരക്കിലാണ് ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാർ. 2.50 ലക്ഷം രൂപയുടെ അതിമാരക എൽ.എസ്.ഡി സ്റ്റാമ്പുമായി രണ്ടുപേരെയാണ് ബുധനാഴ്ച രാത്രി എക്സൈസ് പിടികൂടിയത്.
പയ്യാമ്പലം ബീച്ചിലെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യംവെച്ചാണ് ഇവർ പേപ്പറെന്നും ലാലയെന്നും ആലീസെന്നും വിളിപ്പേരുള്ള സാധനമെത്തിച്ചത്. ജില്ലയിൽ പുതുവർഷ, ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി റിസോർട്ടുകളിലടക്കം ഡി.ജെ പാർട്ടികൾ നടക്കുന്നുണ്ട്.
എൽ.എസ്.ഡിയും (ലൈസർജിക് ആസിഡ് ഡൈഈതൈലമൈഡ്) എം.ഡി.എം.എയും (മെത്തലിൽ ഡയോക്സി മെത്തഫിറ്റമിൻ) അടക്കമുള്ള അതിമാരക ന്യൂജൻ ലഹരി വസ്തുക്കൾ പാർട്ടികളിലെ സ്ഥിരം സാന്നിധ്യമാണ്. ഈ വർഷം 538 മില്ലിഗ്രാം എൽ.എസ്.ഡിയും 160.49 ഗ്രാം എം.ഡി.എം.എയുമാണ് ജില്ലയിൽ എക്സൈസ് പിടികൂടിയത്. വിപണിയിൽ ഇവക്ക് ലക്ഷങ്ങൾ വിലവരും. 354 മയക്കുമരുന്ന് കേസുകളാണ് ഈ വർഷം രജിസ്റ്റർ ചെയ്തത്.
363 പേർ മയക്കുമരുന്നുമായി പിടിയിലായി. കർണാടക കേന്ദ്രീകരിച്ചാണ് പ്രധാനമായും മയക്കുമരുന്നുകൾ എത്തുന്നത്. പിടിയിലായവരിൽ വിദ്യാർഥികളും ഇടനിലക്കാരും വിതരണക്കാരുമെല്ലാമുണ്ട്. കുപ്രസിദ്ധ മെക്സിക്കൻ മയക്കുമരുന്ന് മാഫിയ തലവൻ ഗുഡ്സ്മാെൻറ പേരിൽ ലഹരിമരുന്നുകൾ കടത്തുന്ന സംഘങ്ങളുമുണ്ട്.
ഗുഡ്സ്മാൻ എന്ന പേര് ബ്രാൻഡായും കോഡായും ഉപയോഗിക്കുന്നു. പ്രധാന കണ്ണികളെല്ലാം ലക്ഷ്യമിടുന്നത് കോളജ്, സ്കൂൾ വിദ്യാർഥികളെയാണ്. മറ്റ് ലഹരി വസ്തുക്കളെ അപേക്ഷിച്ച് സൂക്ഷിക്കാൻ എളുപ്പവും പിടിക്കപ്പെടാൻ സാധ്യത കുറവുമുള്ളതിനാലാണ് വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്നുകൾക്ക് പ്രചാരമേറുന്നത്. 890 ഗ്രാം ഉത്തേജകമരുന്നും ഈ വർഷം പിടികൂടിയിട്ടുണ്ട്. ആഘോഷരാവുകൾക്കായി കിലോക്കണക്കിന് കഞ്ചാവും ജില്ലയിലേക്ക് ഒഴുകുന്നുണ്ട്.
220 കിലോ കഞ്ചാവാണ് ദിവസങ്ങൾക്കുമുമ്പ് കൂട്ടുപുഴ അതിർത്തിയിൽ പിടികൂടിയത്. ആന്ധ്ര അതിർത്തി കടന്നാണ് പ്രധാനമായും കഞ്ചാവെത്തുന്നത്. 2470 കി.ഗ്രാം പുകയില ഉൽപന്നങ്ങളും ഈ വർഷം പിടികൂടി.
ലഹരിക്കടത്ത് തടയാൻ എക്സൈസ് എൻഫോഴ്സ്മെൻറ് ഡ്രൈവ് തുടങ്ങിയിട്ടുണ്ട്. തദ്ദേശ തലത്തിൽ ജനകീയ കമ്മിറ്റികൾ രൂപവത്കരിച്ചും ലഹരിക്കടത്ത് തടയും.
അബ്കാരി കേസുകൾ: 1663
പ്രതികൾ: 790
എൽ.എസ്.ഡി: 538 മില്ലിഗ്രാം
എം.ഡി.എം.എ: 160.49 ഗ്രാം
മയക്കുമരുന്ന് കേസ്
പ്രതികൾ: 363
വിദേശ മദ്യം: 4554 .35 ലിറ്റർ
മാഹിമദ്യം: 4735.99 ലിറ്റർ
കഞ്ചാവ്: 290.8 കിലോ
പിഴ:15,05,200 രൂപ
25 വയസ്സിന് താഴെയുള്ള യുവാക്കൾക്കിടയിലാണ് ഇവയുടെ ഉപയോഗം കൂടുതൽ. ബംഗളൂരു പോലെയുള്ള നഗരങ്ങളിൽ വ്യാപകം. സാധാരണക്കാർക്കിടയിൽ സജീവമാകാത്ത ഇവയുടെ ഉപയോഗം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് പഠനം. ഭാഗിക കൃത്രിമസംയുക്തമായ എൽ.എസ്.ഡി മനുഷ്യെൻറ സംവേദനത്തെയും ചിന്തയെയും മാറ്റിമറിക്കും. യഥാർഥമല്ലാത്ത കാഴ്ചകൾ കാണുന്നതായി തോന്നും. ഒരുഗ്രാം കൈവശംവെച്ചാൽ പോലും 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കർണാടകയിൽനിന്നെത്തുന്ന വിദ്യാർഥികൾ, കച്ചവടക്കാർ, ചരക്കുവാഹനങ്ങൾ വഴിയാണ് ഇവ കേരളത്തിലെത്തുന്നത്.
പുതുവർഷ ആഘോഷങ്ങളിൽ ലഹരിപടരുന്നത് തടയാൻ ഡോഗ് സ്ക്വാഡിനെ അടക്കം ഉപയോഗപ്പെടുത്തി ശക്തമായ പരിശോധന നടത്തുന്നുണ്ട്. തീരദേശ പൊലീസ്, കേരള, കർണാടക പൊലീസ് തുടങ്ങിയവരുമായി ചേർന്ന് പരിശോധനയുമുണ്ട്. ലഹരികടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്കും പങ്കുവെക്കാം. ഫോൺ: 0497 2706698.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.