കണ്ണൂർ: താവക്കരയിൽ കണ്ണൂർ സർവകലാശാലക്ക് സമീപം റെയിൽ പാളത്തിനോട് ചേർന്ന് തീപിടിത്തം. അപകടഭീഷണിയെ തുടർന്ന് മംഗളൂരു -കോയമ്പത്തൂർ എക്സ്പ്രസ് കണ്ണൂർ സ്റ്റേഷനിൽ പിടിച്ചിട്ടു. ഉച്ചക്ക് ഒന്നിന് കോയമ്പത്തൂർ ഇന്റർസിറ്റി പോയതിനു ശേഷം ഒന്നരമണിക്കൂർ വൈകിയാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്.
സർവകലാശാല വളപ്പിനോട് ചേർന്ന തോടിന്റെ കരയിലാണ് വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ തീപിടിത്തമുണ്ടായത്. അടിക്കാടും ഉണങ്ങിയ അക്വേഷ്യ മരങ്ങളുമാണ് കത്തിയത്. കണ്ണൂരിൽനിന്നും അഗ്നിരക്ഷസേനയെത്തി നാലുമണിക്കൂറോളം സമയമെടുത്താണ് തീ അണച്ചത്. ടാങ്കർ അടക്കമുള്ള വാഹനങ്ങൾ പോകാത്ത വഴിയായതിനാൽ ചെറുവാഹനത്തിലാണ് അഗ്നിരക്ഷസേനക്ക് പ്രദേശത്ത് എത്താനായത്. പിന്നീട് സർവകലാശാല വളപ്പിലൂടെ പാളത്തിനടുത്ത് എത്തുകയായിരുന്നു.
മൂന്ന് യൂനിറ്റുകളാണ് തീയണക്കാനെത്തിയത്. സർവകലാശാലയുടെ കുളത്തിൽനിന്ന് ഫ്ലോട്ടിങ് പമ്പ് ഉപയോഗിച്ച് രണ്ടുമണിക്കൂർ നിർത്താതെ വെള്ളംചീറ്റി. ഇതിനിടെ എത്തിയ ട്രെയിനുകൾ വേഗം കുറച്ചാണ് കടത്തിവിട്ടത്. ഉണങ്ങിയ അക്വേഷ്യ മരങ്ങൾക്ക് തീപിടിച്ചതോടെ ആറ് മീറ്ററിലധികം തീനാളങ്ങൾ ഉയർന്നു. മുറിച്ചിട്ട മരത്തടികൾ മാറ്റാത്തതും തീ പടരാൻ കാരണമായി.
മാലിന്യം കത്തിച്ചതിൽനിന്നോ സിഗരറ്റ് കുറ്റിയിൽനിന്നോ തീ പടർന്നതാകാമെന്ന് കരുതുന്നു. പഴകിയ വയറുകൾ കത്തിച്ച് ഉള്ളിലെ ചെമ്പുകമ്പിയെടുക്കുന്ന സംഘം ഈ ഭാഗത്ത് സജീവമാണെന്ന് വിവരമുണ്ട്. അത്തരത്തിലാണോ തീ പടർന്നതെന്നും സംശയിക്കുന്നു. അസി. സ്റ്റേഷൻ ഓഫിസർ ഉണ്ണികൃഷ്ണൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ജയാനന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.