കരിവെള്ളൂർ: പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീകളെ അവഹേളിച്ചതിനെതിരെ പുലർച്ച വീടുവിട്ടിറങ്ങി വീട്ടമ്മമാരുടെ പ്രതിഷേധം. പുലർച്ച നാലരയോടെയാണ് പാലക്കുന്നിലെ ഒരുകൂട്ടം വീട്ടമ്മമാർ വീടുപൂട്ടി പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ ഒത്തുകൂടി യാത്രനടത്തിയത്. എല്ലാവരും ഗ്രന്ഥാലയം വനിതവേദി പ്രവർത്തകരാണ്.
നേരത്തേ തയാറാക്കിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചു ചെമ്പ്രകാനം റോഡിലൂടെയാണ് നടന്നത്. പതിവു പ്രഭാത സവാരിക്കാർക്കും വാഹന യാത്രക്കാർക്കും ആദ്യം കാര്യം പിടികിട്ടിയില്ല. സൂക്ഷിച്ച് നോക്കിയപ്പോഴാണ് ബോർഡിലെ മുദ്രാവാക്യം ശ്രദ്ധയിൽപെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രഭാത സവാരിക്കാരായ സ്തീകളെ പുത്തൂർ, കൊഴുമ്മൽ, ചെറുമൂല ഭാഗങ്ങളിൽ അജ്ഞാതൻ വടി കൊണ്ടടിച്ച് പരിക്കേൽപ്പിച്ചതിനെതിരെയുള്ള വേറിട്ട പ്രതിഷേധമായിരുന്നു ഈ നടത്തം.
ആറു കി.മീറ്റർ ദൂരത്തിലുള്ള യാത്രയിൽ നിരവധി വനിതകൾ അണിനിരന്നു. വഴി നീളെ പതിവു സവാരിക്കാരും മറ്റുയാത്രക്കാരും പെൺപടയുടെ പോരാട്ടത്തെ പ്രശംസിച്ചു. വനിതവേദി ഭാരവാഹികളായ കെ. അനിത, എ.വി. സീമ, പി. ഗീത എന്നിവർ നേതൃത്വം നൽകി. പിന്തുണയുമായി ഗ്രന്ഥാലയം സെക്രട്ടറി കൊടക്കാട് നാരായണനും എക്സി. കമ്മറ്റി അംഗം എൻ.വി. രാമചന്ദ്രനും യാത്രയെ അനുഗമിച്ചു. പൊതുവീഥികൾ ഞങ്ങൾക്കുമുള്ളതാണ് എന്ന പ്രഖ്യാപനത്തോടെയാണ് പ്രതിഷേധ സവാരി സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.