ഇരിക്കൂർ: കൂരാരി ഗാലക്സി വില്ലയിൽ എ.സി. മഹറൂഫിന്റെ മകൻ ഹംറാസിനുവേണ്ടി ആധാർ കാർഡിന് അപേക്ഷിച്ചപ്പോൾ രണ്ട് വ്യത്യസ്ത നമ്പറുകളുള്ള ആധാർ കാർഡുകൾ ലഭിച്ചു. ഇരിക്കൂർ ബസ് സ്റ്റാൻഡിനു സമീപത്തെ അക്ഷയ സെന്ററിൽനിന്ന് ഹംറാസിന്റെ ആധാർ കാർഡിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ വീണ്ടും അക്ഷയ സെന്ററിൽനിന്ന് വിളിച്ച്, ആധാർ കാർഡിലെ ഫോട്ടോ വ്യക്തമല്ലാത്തതിനാൽ അപേക്ഷ തള്ളിയതായി അറിയിച്ചു.
വീണ്ടും വിരലടയാളവും ഫോട്ടോയുമെടുത്തു. പിന്നീട് ആധാർ കാർഡ് ലഭിച്ചപ്പോൾ രണ്ടു വ്യത്യസ്ത നമ്പറുള്ള കാർഡുകൾ. ഒരു വ്യക്തിയുടെ പേരിൽ ഒരു ആധാർ കാർഡ് മാത്രമേ ഉണ്ടാകാൻ പാടുള്ളൂവെന്നിരിക്കെ രണ്ട് വ്യത്യസ്ത നമ്പറുകളുള്ള ആധാർ കാർഡ് ലഭിച്ചത് രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തി.
അക്ഷയ സെന്ററിൽ ബന്ധപ്പെട്ടപ്പോൾ, ഒരു ആധാർ റദ്ദാക്കാനുള്ള പ്രവർത്തനമാരംഭിച്ചുവെന്ന് അറിയിച്ചു. നിലവിൽ രണ്ട് ആധാർ കാർഡുകളും അക്ഷയ സെന്ററിൽ തിരിച്ചേൽപിച്ചിരിക്കുകയാണ്. കുട്ടികളുടെ ആധാർ കാർഡിന് അപേക്ഷിക്കുമ്പോൾ മാതാവിന്റെ വിരൽ വെക്കുന്നതുകൊണ്ട് സമാന അവസ്ഥ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് അക്ഷയ അധികൃതർ അറിയിച്ചു. പിന്നീട് അഞ്ചു വയസ്സാകുമ്പോൾ കുട്ടികളുടെ വിരലടയാളം വെച്ച് ഒരു ആധാർ കാർഡ് നിലനിർത്തുകയാണ് ചെയ്യുന്നതെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.