ഇരിക്കൂർ: മുണ്ടാന്നൂരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച് അനധികൃതമായി പന്നിയിറച്ചി വിൽപന നടത്തുന്ന കേന്ദ്രത്തിൽ പരിശോധന. ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും പഞ്ചായത്ത് അധികൃതരും നടത്തിയ പരിശോധനയിൽ ചത്ത പന്നികളെയും ഫ്രീസറിൽ സൂക്ഷിച്ച പഴകിയ ഇറച്ചിയും പിടികൂടി.
കർണാടക സ്വദേശി രേവണ്ണ നടത്തുന്ന പന്നിഫാമിൽ നിന്നാണ് ചത്ത പന്നികളെയും പഴകിയ ഇറച്ചിയും പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ രണ്ട് തൊഴിലാളികൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പന്നികളെ പിടികൂടി മുണ്ടാന്നൂരിലെത്തിച്ച് കശാപ്പ് ചെയ്തായിരുന്നു മലയോരത്തെ പ്രധാന മാംസ ചില്ലറ വിൽപന കേന്ദ്രങ്ങൾ വഴി വിൽപന നടത്തിയത്. വിലകുറച്ച് നൽകുന്നതിനാൽ ആവശ്യക്കാരും ഏറെയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് െഡപ്യൂട്ടി ഡയറക്ടർ ജി. സുനിൽ, മെഡിക്കൽ ഓഫിസർ ഡോ. രഞ്ജിത്ത് മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് വി. ജയിംസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ചത്ത പന്നിയെ പോസ്റ്റ് മോർട്ടം നടത്തി. ആന്തരിക അവയവങ്ങൾ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്. പഴകിയ ഇറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചു. ഫാം നിർത്തിവെക്കാൻ നോട്ടീസ് നൽകി. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഇത്തരം പന്നികൾ ഭക്ഷ്യയോഗ്യമാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് അധികൃതർ പറഞ്ഞു. പരിശോധന ഫലം വന്നതിനുശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.