വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്; ഇരിക്കൂർ സ്വദേശിക്കെതിരെ കേസ്​

ഇരിക്കൂർ: ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യാത്ര ചെയ്യേണ്ടവർക്ക് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്നുവെന്ന പരാതിയിൽ ഇരിക്കൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരിക്കൂറിലെ ബ്യൂട്ടി ടൂർസ് ആൻഡ് ട്രാവൽസ് ഉടമ അസീർ തൈലകണ്ടിയെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്.

ഡി.ഡി.ആർ.സി, എസ്.ആർ.എൽ ലാബ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രമുഖ ലാബുകളുടെയടക്കം ലെറ്റർ ഹെഡ് ഉപയോഗിച്ച് ചില സ്വകാര്യ ട്രാവൽ ഏജൻസികൾ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്നുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ലാബ് അധികൃതർ പരാതി നൽകിയത്​.

യാത്ര ആവശ്യത്തിനായി ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടവർക്ക് സാമ്പിൾ ശേഖരണമോ പരിശോധനയോ ഇല്ലാതെ ചിലർ സർട്ടിഫിക്കറ്റ് നല്‍കുന്നുവെന്ന വിവരം പുറത്ത് വന്നിരുന്നു. പ്രധാനമായും ചില ട്രാവല്‍ ഏജന്‍സികളാണ് ഇത്തരത്തില്‍ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കിയിരുന്നത്. സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര നടത്തുന്നവരെയാണ് ഇത്തരക്കാർ ലക്ഷ്യമിട്ടിരുന്നത്. ഡി.ഡി.ആർ.സി മാനേജറുടെ പരാതി പ്രകാരം അസീറിനെതിരെ വ്യാജരേഖ ചമച്ചത്തിനും, വഞ്ചനക്കും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇരിക്കൂർ എസ്.ഐ എം.വി ഷീജുവിന്‍റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും പിടികൂടാനായില്ല.

Tags:    
News Summary - fake rtpcr certificate case against irikkur native

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.