ഇരിക്കൂർ: വയോധികയായ വീട്ടമ്മ കുഞ്ഞാമിന അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന് അഞ്ചാണ്ട് തികഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാതെ അന്വേഷണസംഘം ഇരുട്ടിൽ തപ്പുന്നു. പ്രതികൾ ആന്ധ്ര പൊലീസിെൻറ വലയിലായിട്ടുണ്ടെന്ന സൂചന ലഭിച്ചെന്ന് പൊലീസ് പറയുമ്പോഴും അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയാണ്.
ഇരിക്കൂർ സിദ്ദീഖ് നഗറിലെ പരേതനായ നിട്ടൂർ മൊയ്തീെൻറ ഭാര്യ ഷബീന മൻസിലിൽ മെരടൻ കുഞ്ഞാമിനയുടെ (67) കൊലപാതകം നടന്നിട്ട് ഇന്നേക്ക് അഞ്ചാണ്ട് പൂർത്തിയാവുകയാണ്. തെൻറ ഉടമസ്ഥതയിലുള്ളതും താമസിക്കുന്ന വീട്ടിെൻറ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതുമായ വാടക ക്വാർട്ടേഴ്സിലാണ് കുഞ്ഞാമിനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച ജിഷ കൊലപാതകത്തിെൻറ തൊട്ടടുത്ത ദിവസം തന്നെയാണ് നാടിനെ നടുക്കിയ ഈ കൊലപാതകവും നടന്നത്. ജിഷ വധം പോലെ ശക്തമായ ജനരോഷം ഉയർന്നുവന്നില്ല എന്നതും കുഞ്ഞാമിന വധം അന്വേഷണം അവസാനിക്കാൻ കാരണമായി.
അഞ്ച് വർഷം മുമ്പ് നടന്ന കൊലപാതകത്തിന് ഉത്തരവാദികളെന്ന് പൊലീസ് സംശയിക്കുന്നത്, കൃത്യം നടക്കുന്നതിന് ഒരു മാസം മുമ്പ് കുഞ്ഞാമിനയുടെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഇതര സംസ്ഥാനക്കാരായ ഒരു യുവാവിനെയും യുവതിയെയും കൂടെ മറ്റൊരു സ്ത്രീയെയുമാണ്.
ആന്ധ്ര സ്വദേശികളെന്നാണ് നാട്ടുകാരോടൊക്കെ ഇവർ പറഞ്ഞത്. കൊല നടത്തിയതിനുശേഷം ഇരിക്കൂറിൽ നിന്നും ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് മട്ടന്നൂർ ബസ് സ്റ്റാൻഡിലിറങ്ങിയ ഇവർ ബസ് കാത്തുനിൽക്കുന്ന സി.സി.ടി.വി ദൃശ്യം മാത്രമാണ് പൊലീസിന് ലഭിച്ച ഏക പിടിവള്ളി. ഇവരെ മാത്രം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. ഇവരെ തേടി അന്വേഷണ സംഘം 11 ഓളം സംസ്ഥാനങ്ങളിലെത്തി അന്വേഷിച്ചെങ്കിലും പ്രതികളെ വലയിലാക്കാനായില്ല.
പ്രതികളുടെ ഫോട്ടോ കിട്ടിയെന്നും അവർ ഉപയോഗിച്ച സിം കാർഡ് കണ്ടെത്തിയെന്നും ഘാതകരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നൊക്കെ തുടക്കത്തിൽ അന്വേഷണ സംഘം വിശദീകരിച്ചെങ്കിലും ഇപ്പോൾ ഒന്നും പറയാനാവാത്ത സ്ഥിതിയാണ്. ഇവർ ഉപയോഗിച്ചതെന്ന് കരുതുന്ന സിം കാർഡിനെ പിന്തുടർന്ന് രാജസ്ഥാനിലെത്തിയ അന്വേഷണ സംഘത്തിന് കാണാൻ കഴിഞ്ഞത് ഒരു ആടിനെയായിരുന്നു. സിം കാർഡ് അടങ്ങിയ വില കുറഞ്ഞ ഫോൺ വഴിയരികിൽനിന്നും ആട്ടിടയന് ലഭിച്ചതാണെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം നിരാശയോടെ തിരിച്ചുവരുകയായിരുന്നു.
ഇവരെ മാത്രം കേന്ദ്രീകരിച്ചുള്ള അന്വേഷണം മതിയാവില്ലെന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്. കാര്യമായ സ്വർണമോ പണമോ നഷ്ടപ്പെട്ടിട്ടില്ലാത്തതും കുഞ്ഞാമിനയെ കസേരയിലിരുത്തി കെട്ടിയിട്ട് വായിൽ തുണി തിരുകിയതിനുശേഷം പ്ലാസ്റ്ററൊട്ടിച്ച് മൂർച്ചയുള്ള ആയുധം കൊണ്ട് 38 ഓളം മുറിവുകൾ ഉണ്ടാക്കിയും കാൽമുട്ട് രണ്ടും തല്ലിയൊടിച്ചും നടത്തിയ അതിക്രൂരമായ കൊലപാതകത്തിെൻറ സ്വഭാവമാണ് കൂടുതൽ സംശയങ്ങളിലേക്ക് വിരൽചൂണ്ടുന്നത്. കേസന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് കമ്മിറ്റി കുഞ്ഞാമിനയുടെ മകൻ മുഹമ്മദ് മുഖേന ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ, പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവർ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ മാത്രമാണ് എവിടെയാണെന്ന് കണ്ടെത്താൻ കഴിയാത്തതെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കിയതിനെ തുടർന്ന്, കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യം കോടതി തൽക്കാലം നിരാകരിക്കുകയും ആറ് മാസത്തിനകം പ്രതികളെ കണ്ടെത്തിയില്ലെങ്കിൽ ഇതേ വാദവുമായി ഹരജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കുകയായിരുന്നു.
അതേസമയം, കുഞ്ഞാമിനയുടെ മക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് കേസ് ഉന്നത ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. അതേസമയം, കോവിഡ് ലോക്ഡൗൺ തീരുന്ന മുറക്ക് അന്വേഷണം ഊർജിതമാക്കുമെന്ന് ഇരിക്കൂർ സി.ഐ അബ്ദുൽ മുനീർ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.