ശ്രീകണ്ഠപുരം: നിസ്സാര തർക്കത്തെ തുടർന്നുണ്ടായ അറുകൊലയുടെ ഞെട്ടലിൽ മലയോര ജനത. മൃതദേഹം കുഴിച്ചുമൂടിയത് 'ദൃശ്യം' സിനിമയിലേതുപോലെ. കേസ് തെളിയിക്കാനായതിെൻറ ആശ്വാസത്തിൽ പൊലീസ്. ഇരിക്കൂർ പെരുവളത്തുപറമ്പിൽ തേപ്പ്പണി ചെയ്യുന്ന അഷിഖുല് ഇസ്ലാമിനെ (27) കൊന്ന് കുഴിച്ചുമൂടിയ സംഭവമാണ് നാടിനെയും നാട്ടുകാരെയും നടുക്കിയത്.
ജൂണ്‍ 28ന് അഷിഖുലിനെ കാണാതായെന്ന പരാതിയിൽ കേസെടുത്ത പൊലീസ് നടത്തിയ സമർഥമായ അന്വേഷണമാണ് കൊലപാതകത്തിെൻറ ചുരുളഴിച്ചത്. പണിയെടുക്കുന്നതിനിടയിലുണ്ടായ തർക്കം നട്ടുച്ചയിൽ തലക്ക് ചുറ്റിക കൊണ്ടടിച്ച് കൊല്ലുന്നതിലേക്കാണെത്തിച്ചത്. തുടർന്ന് മൃതദേഹം ചാക്കിൽകെട്ടി നിർമാണം പൂർത്തിയാവാത്ത കക്കൂസ് മുറിയിൽ കുഴിയുണ്ടാക്കി അതിൽ മണ്ണിട്ട് മൂടി. മുകൾ ഭാഗം കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചു. ഇനിയൊരിക്കലും തെളിവ് പുറത്താവില്ലെന്ന് പരീക്ഷ് നാഥും സുഹൃത്തും ഉറപ്പിച്ചു. പിറ്റേ ദിനവും ഇതേ കെട്ടിടത്തിൽ തേപ്പ്പണി തുടർന്നു.
പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഇരുവരും മുങ്ങി. ഇത് സംശയത്തിനിടയാക്കിയതോടെ അന്വേഷണം ഇവരിലേക്ക് നീങ്ങി. മൊബൈൽ ഫോൺ ഓഫാക്കിയത് അന്വേഷണത്തിന് പലവട്ടം തടസ്സമായി. ഇടക്ക് ഓൺ ചെയ്തത് ഇവരെ പിന്തുടരാൻ സഹായിച്ചു. ഒടുവിൽ മുംബൈയിൽനിന്ന് ഒന്നാം പ്രതിയെ പിടികൂടാനായി. ചോദ്യം ചെയ്യലിലാണ് പൊലീസിനെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ദൃശ്യം സിനിമയിലെ കഥപോലെ മൃതദേഹം കുഴിച്ചു മൂടി കോൺക്രീറ്റ് ചെയ്തതാണെന്ന് വ്യക്തമായത്. ചാക്കിൽ കെട്ടി ഒരു മീറ്റർ ആഴത്തിലാണ് മൃതദേഹം താഴ്ത്തിയിരുന്നത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കനത്ത പൊലീസ് കാവലിലാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹത്തിൽനിന്ന് ദുർഗന്ധം വമിച്ചു തുടങ്ങിയിരുന്നു. അതിനാൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡി. കോളജ് ഫോറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ള സ്ഥലത്തെത്തിയാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഒരുവർഷം മുമ്പ് ഊരത്തൂരിലെ ചെങ്കൽപണയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമാണെന്ന് തെളിയിച്ച് പ്രതിയെ പിടികൂടിയത് കഴിഞ്ഞ മാസമായിരുന്നു. ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാമും ഇരിക്കൂർ എസ്.ഐ എം.വി. ഷീജുവും ഉൾപ്പെടുന്ന സംഘമാണ് ഇത് തെളിയിച്ചത്. പിന്നാലെ, പടിയൂരിൽ മദ്യപിച്ചുള്ള തർക്കത്തിനിടെ അനുജൻ ജ്യേഷ്ഠനെ ചവിട്ടിക്കൊന്ന കേസും തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.