ഇരിക്കൂർ: മലയോര മേഖലയിലെ പ്രധാന കിടത്തി ചികിത്സ കേന്ദ്രമായ ഇരിക്കൂർ താലൂക്ക് ആശുപത്രിയോടുള്ള അവഗണന തുടർക്കഥയാവുന്നു. ദിനംപ്രതി ആയിരത്തോളം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. പക്ഷേ, ഈ ഗവ. ആശുപത്രിയുടെ സമഗ്രവികസനം അട്ടിമറിച്ച് മറ്റു പ്രദേശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള നീക്കമാണ് അവഗണനക്ക് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് സാമൂഹികാരോഗ്യ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ഇരിക്കൂർ ആശുപത്രിയെ കാഷ്വാലിറ്റിയോടുകൂടിയ താലൂക്ക് ആശുപത്രിയായി ഉയർത്തുകയും ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്. അധിക തസ്തികയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർമാരായി നാലു സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുകയും ചെയ്തു.
കെ.സി. ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നര കോടി രൂപയോളം ചെലവഴിച്ച് താലൂക്ക് ആശുപത്രിയുടെ വികസനം ലക്ഷ്യമിട്ട് നിർമിച്ച കെട്ടിടങ്ങൾ അവഗണനയെ തുടർന്ന് ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. സ്ത്രീരോഗവിഭാഗം, അത്യാഹിത വിഭാഗം, കുട്ടികളുടെ വിഭാഗം, സർജറി തുടങ്ങി ആശുപത്രിയുടെ അടിസ്ഥാന വികസന രംഗത്ത് മുന്നേറ്റമുണ്ടായിട്ടില്ല.
താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ നിരന്തര ശ്രമങ്ങളുടെ ഫലമായി നബാർഡിൽനിന്ന് 11.30 കോടി രൂപ അനുവദിച്ചിരുന്നു. പ്രൈവറ്റ് കൺസ്ട്രക്ഷൻ കമ്പനിയെ കൊണ്ട് വിശദ ഡിസൈനും എസ്റ്റിമേറ്റും തയാറാക്കിയെങ്കിലും അത് സ്വീകരിക്കാൻ സർക്കാർ തയാറായില്ല. ഇപ്പോൾ ആശുപത്രി പ്രവർത്തനം താളംതെറ്റി.
ആശുപത്രിയുടെ സമ്പൂർണ വികസനം യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സജീവ് ജോസഫ് എം.എൽ.എ ആരോഗ്യമന്ത്രി വീണ ജോർജിന് നിവേദനം നൽകുകയും ചെയ്തിരുന്നു. സർക്കാർ നടപടി സ്വീകരിക്കാത്തത് നാട്ടുകാരിൽ പ്രതിഷേധമുയർത്തിയിട്ടുണ്ട്. സർക്കാർ നിലപാടിനെതിരെ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങാൻ മുസ്ലിം ലീഗ് തീരുമാനിച്ചു. മുസ്ലിംലീഗ് സ്റ്റിയറിങ് കമ്മിറ്റിയുടെയും പഞ്ചായത്ത് അംഗങ്ങളുടെയും തിങ്കളാഴ്ച ചേർന്ന യോഗമാണ് പ്രക്ഷോഭ പരിപാടികൾ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.