ഇരിക്കൂർ: നായാട്ടുപാറയിൽ സ്ഥിതി ചെയ്യുന്ന പട്ടാന്നൂർ വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥ ക്ഷാമം രൂക്ഷമായതിനാൽ ജനങ്ങൾ വലയുന്നു. വില്ലേജ് ഓഫിസിൽ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാതെ പൊതുജനങ്ങൾ വലയുകയാണ്.
വില്ലേജ് ഓഫിസിലെ നടപടികളുടെ മെല്ലെ പോക്ക് ക്ഷേമ പെൻഷനായി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
സ്പെഷൽ വില്ലേജ് ഓഫിസർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ നിലവിൽ ആരുമില്ല. കിൻഫ്ര പാർക്കിന്റെ ഭാഗമായി 500ഓളം ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടി അവസാന ഘട്ടത്തിലാണ്. കൈവശ സർട്ടിഫിക്കറ്റ്, തണ്ടപ്പേര് അക്കൗണ്ട്, പൊസഷൻ ആൻഡ് നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്, സർവേ നമ്പർ തെറ്റിയത് ശരിയാക്കൽ തുടങ്ങി നിരവധിയായ ആവശ്യങ്ങൾക്കായി സാധാരണയിൽ കവിഞ്ഞ തിരക്ക് വില്ലേജ് ഓഫിസിൽ അനുഭവപ്പെടുന്നുണ്ട്.
തിരക്ക് പരിഗണിച്ച് അഡീഷനലായി രണ്ട് ഉദ്യോഗസ്ഥരെ നിയമിക്കേണ്ട സാഹചര്യമുള്ള വില്ലേജ് ഓഫിസിൽ നിലവിലുള്ള രണ്ട് പോസ്റ്റുകളിൽ പോലും ആളില്ലെന്നത് അങ്ങേയറ്റം ദുരിതപൂർണമായ സാഹചര്യം സൃഷ്ടിക്കുന്നു. കലക്ടർ അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യൂത്ത് കോൺഗ്രസ് കൂടാളി മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.