ഇരിക്കൂർ: വിനോദസഞ്ചാരികളെ ആകർഷിക്കാനൊരുങ്ങി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്. ഇതിനായി മലയോര ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി ഇരിക്കൂർ ടൂറിസം സർക്യൂട്ട് നടപ്പാക്കും.
പദ്ധതിക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകി. ഇരിക്കൂറിലെ ടൂറിസം കേന്ദ്രങ്ങളുടെ മാർക്കറ്റിങ്, ഫാം ടൂറിസം, ഹോംസ്റ്റേകൾ എന്നിവയാണ് ലക്ഷ്യം. മലപ്പട്ടം മുനമ്പുകടവ്, പഴശ്ശി ഡാം, കാലാങ്കി വ്യൂ പോയന്റ്, ശശിപ്പാറ, അളകാപുരി വെള്ളച്ചാട്ടം, പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, കാഞ്ഞിരക്കൊല്ലി തുടങ്ങി മലയോരത്തെ പ്രധാന കേന്ദ്രങ്ങളെ കോർത്തിണക്കിയാണ് ടൂറിസം സർക്യൂട്ട് തയാറാക്കുന്നത്.
കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി ഇരിക്കൂറിനെ മാറ്റുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ് പറഞ്ഞു. ആദ്യഘട്ടത്തിൽ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ പ്രചാരണത്തിനാവശ്യമായ കാര്യങ്ങളാണ് ചെയ്യുക. ഇതിനായി പ്രമോഷൻ വിഡിയോകൾ ഉൾപ്പെടെ നിർമിക്കും. 50ലേറെ ഫാമുകളെ ചേർത്ത് ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. ഇതിനാവശ്യമായ പരിശീലന പരിപാടി, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും.
ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ഹോംസ്റ്റേ പ്രോത്സാഹന പരിപാടികൾ നടത്തും. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു ലക്ഷം ഇതിനായി വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിന് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരിക്കൂർ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി രൂപവത്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.