ഇരിട്ടി: അതിർത്തിപ്രദേശമായ കൂട്ടുപുഴ, പേരട്ട ജനവാസകേന്ദ്രത്തിൽ വീട്ടുമതിൽ തകർത്ത് എത്തിയ കാട്ടാനയെ കണ്ട ഭീതിയിലാണ് പേരട്ടയിലെ പുത്തൻപറമ്പിൽ ജോയിയും കുടുംബവും.
കഴിഞ്ഞ രാത്രി 11ഓടെ മതിൽ തകർക്കുന്ന ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോഴാണ് കാട്ടാന വീട്ടുമുറ്റത്ത് നിൽക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഇതുവരെ ആന എത്താത്ത പ്രദേശമായിരുന്നു ജോയിയുടെ വീടും പരിസരവും.
പായം പഞ്ചായത്തിലെ പേരട്ടയിൽ ജനവാസമേഖലയിലാണ് കഴിഞ്ഞ രാത്രി ആനക്കൂട്ടം എത്തിയത്. വീട്ടുമതിൽ തകർത്ത ആന പ്രദേശത്തെ കൃഷിയും വ്യാപകമായി നശിപ്പിച്ചു.
പൂവ്വത്തോട്ടത്തിൽ തോമസ്, കറുക പള്ളിയിൽ മാത്യു എന്നിവരുടെ വാഴ, തെങ്ങ് എന്നിവയും നശിപ്പിച്ചു. ആനയെ കണ്ടപാടെ സമീപത്തെ വീടുകളിലേക്കും സന്ദേശം എത്തിയതിനാൽ ആരും പുറത്തിറങ്ങിയില്ല.
മേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നും കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രദേശം സന്ദർശിച്ച പായം പഞ്ചായത്ത് പ്രസിഡൻറ് പി. രജനി ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. എം. വിനോദ്കുമാർ, ഷിജി ദിനേശൻ, അനിൽ എം. കൃഷ്ണൻ, കെ. സുരേഷ് കുമാർ, കെ. ബാലകൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.