ശ്രീകണ്ഠപുരം: ഏരുവേശി പഞ്ചായത്തിലെ ചെമ്പേരി പുറഞ്ഞാണിലും രണ്ടാം വാർഡ് വഞ്ചിയം പഞ്ഞിക്കവല അംഗൻവാടിക്ക് സമീപവും പുലിയിറങ്ങിയതായി പ്രദേശവാസികൾ.
ഞായറാഴ്ച പുലർച്ചയോടെയാണ് വഞ്ചിയം പഞ്ഞിക്കവലയിലെ കോട്ടി രാഘവന്റെ വീട്ടിലെ ഗർഭിണിയായ ആടിനെ കടിച്ചുകൊന്നത്. വീട്ടുമുറ്റത്തെ കൂട്ടിൽനിന്ന് കടിച്ചുകൊണ്ടുപോയി കുന്നിൻമുകളിലെ പറമ്പിൽവെച്ച് തലഭാഗം കഴിച്ചശേഷം ഉടൽ ഉപേക്ഷിച്ച നിലയിലാണ് ആടിനെ കണ്ടെത്തിയത്. കൂട്ടിലുണ്ടായിരുന്ന മറ്റ് ആടുകളെ ഉപദ്രവിച്ചിട്ടില്ല.
വിവരമറിയിച്ചതിനെത്തുടർന്ന് വനപാലകരും കുടിയാൻമല പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഇത്രയും വലിയ ആടിനെ കൂട്ടിൽനിന്ന് കടിച്ചെടുത്ത് കൊണ്ടുപോയതിനാൽ പുലിയോ തുല്യശക്തിയുള്ള മറ്റ് ജീവിയോ ആവാമെന്നാണ് വനപാലകരുടെ നിഗമനം.
കാൽപാടുകളൊന്നും കണ്ടെത്തിയിട്ടുമില്ല. പിന്നാലെ ചെമ്പേരി പുറഞ്ഞാണിലെ ഈട്ടിക്കൽ ബിജുവിന്റെ വീടിനടുത്തെ പറമ്പിലും പുലിയുടെ സാന്നിധ്യമുണ്ടായി. ഇവരുടെ ഭാര്യയാണ് പുലിയെ കണ്ടത്. ബഹളംവെച്ചതോടെ ആളുകൾ ഓടിക്കൂടിയെങ്കിലും പുലി ഒാടിമറയുകയായിരുന്നു. ഇവിടെയും വനപാലകർ പരിശോധന നടത്തി.
ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവേൽ സ്ഥലം സന്ദർശിച്ചു.
ഭീതി വേണ്ടെന്നും ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. വലിയ കൂടുകൾ സ്ഥാപിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.