പ്ലസ് വൺ ബോണസ് പോയന്റിനായി നീന്തൽ പരിശീലനം: അച്ഛനും മകനും കുളത്തിൽ മുങ്ങിമരിച്ചു

ഏച്ചൂർ (കണ്ണൂർ): നീന്തൽ പരിശീലനം നടത്തുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങിമരിച്ചു. ഏച്ചൂർ സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി ചേലോറ സ്കൂളിന് സമീപം 'ചന്ദ്രകാന്ത'ത്തിൽ പി.പി. ഷാജി (50), മകൻ കെ.വി. ജ്യോതിരാദിത്യൻ (16) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പന്നിയോട്ട് കരിയിൽ പൊതുകുളത്തിലാണ് സംഭവം. പരിശീലനത്തിനിടെ മുങ്ങിപ്പോയ മകനെ ഷാജി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങിപ്പോയെന്നാണ് നിഗമനം. കുളക്കരയിൽ ചെരിപ്പും വാഹനവും കണ്ടതിനെ തുടർന്ന് സംശയംതോന്നി പരിസരവാസി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

പ്ലസ് വൺ പ്രവേശനത്തിന് നീന്തലിലെ ബോണസ് പോയന്റിനായി കുറച്ചുദിവസങ്ങളായി ജ്യോതിരാദിത്യൻ പരിശീലനം നടത്താറുണ്ടായിരുന്നു. പരിശീലിപ്പിക്കാൻ ഒരാളും വരാറുണ്ടായിരുന്നു. എന്നാൽ, ബുധനാഴ്ച ഇദ്ദേഹം എത്തിയില്ല. തുടർന്നാണ് പിതാവുമൊത്ത് കുളത്തിലെത്തിയത്. കീഴല്ലൂർ പഞ്ചായത്ത് അസി. സെക്രട്ടറി ഷംനയാണ് ഷാജിയുടെ ഭാര്യ. തുഞ്ചത്ത് ആചാര്യ വിദ്യാലയത്തിലെ എട്ടാം തരം വിദ്യാർഥി ജഗത് വിഖ്യാത് ഇളയ മകനാണ്. ഷാജിയുടെ സഹോദരങ്ങൾ: സഹദേവൻ, ശാന്തിഭൂഷൺ (ഗൾഫ്), വിനയൻ, രാജേഷ്, ഭാനുമതി, കാഞ്ചന, രതി.

വെള്ളത്തിൽ മുങ്ങിപ്പോകുന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജി മുങ്ങി മരിച്ചത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ചക്കരക്കൽ സിഐ എൻ.കെ.സത്യനാഥന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ ഗവ. ആശുപത്രിയിലേക്കു മാറ്റി. തുടർപഠനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടർന്നാണ് നീന്തൽ പഠനത്തിനായി കുളത്തിലേക്ക് എത്തിയതെന്ന് പറയപ്പെടുന്നു.

അപകടം നടന്ന വട്ടപ്പൊയിൽ പന്നിയോട് കുളത്തിന് സമീപം തടിച്ചുകൂടിയ നാട്ടുകാർ

 

Tags:    
News Summary - Kannur: Man, son drown while teaching to swim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.