കൊല്ലം: പോസ്റ്റുകെട്ടുകളുമായി നാടുമുഴുവൻ ഓടിനടക്കുമ്പോഴും അശ്വിൻ മനോഹറിന്റെ മനസ്സുനിറയെ മൂകാഭിനയമാണ്. സ്കൂൾ കാലം മുതൽ മൗനവാചകങ്ങൾ കഥപറയുന്ന ഈ കലാരൂപത്തോട് ഇഷ്ടം കൂടിയതാണ്. ഒടുവിൽ ജോലിക്കാരനായപ്പോഴും പിടിവിടാതെ മൂകാഭിനയത്തെ ചേർത്തുനിർത്തിയിരിക്കുകയാണ് ഈ കണ്ണൂർ മാവിലായിക്കാരൻ. നാട്ടിലെ പോസ്റ്റ് ഓഫിസിലെ പോസ്റ്റുമാൻ ജോലി കഴിഞ്ഞ് ദിവസവും ഓടിയെത്തുന്നത് മമ്പറത്തേക്കാണ്. അവിടെ മമ്പറം എച്ച്.എസ്.എസിന്റെ ‘ആശാനാണ്’. കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ നരബലി കഥയിലൂടെ എ ഗ്രേഡ് അടിച്ച അതേ സംഘം. ആലുവ പെൺകുട്ടിയുടെ കഥപറഞ്ഞ് കൊല്ലത്ത് കൈയടിവാങ്ങിയെങ്കിലും ബി ഗ്രേഡ് ആയതിന്റെ സങ്കടമുണ്ട്.
ഏഴു വർഷമായി മൂകാഭിനയ അധ്യാപകനാണ് അശ്വിൻ. ഈ രംഗത്ത് വഴികാട്ടിയായി കൂടെ നിന്നത് സീനിയർ കൂടിയായ പ്രത്യുഷ് കുനിയിലാണ്. മമ്പറം ടീമിനെയും ഇരുവരും ഒരുമിച്ചാണ് പഠിപ്പിക്കുന്നത്. സമകാലിക സംഭവങ്ങൾ തിരഞ്ഞെടുത്ത് മനസ്സിൽ ഒരുക്കുന്ന തിരക്കഥയിലൂടെ പ്രേക്ഷകരുടെ കൈയടിവാങ്ങുന്ന രൂപത്തിലേക്ക് എത്തിക്കുന്നത് വലിയ അധ്വാനമാണെന്ന് പറയുന്നു ഈ ചെറുപ്പക്കാരൻ.
കൊല്ലം: പ്രളയത്തിൽ മുങ്ങിയ നാടിനായി തെരുവിൽ ഇറങ്ങിയ നിധിയ സുധീഷ് ഏറെ കൊതിച്ചിരുന്നു സംസ്ഥാന സ്കൂൾ കലോത്സവ വേദി. കണ്ണൂർ മൊകേരി രാജീവ് ഗാന്ധി മൊമ്മോറിയൽ എച്ച്.എസ്.എസ് അവസാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് പ്രകടനവുമായി ആ സ്വപ്നത്തിന് പൂർണതയേകിയ സന്തോഷത്തിലാണ്. എച്ച്.എസ്.എസ് മോണോ ആക്ടിൽ കാണികളുടെ മനംകവർന്ന പ്രകടനവുമായാണ് കൈയടിയും എ ഗ്രേഡും നിധിയ സ്വന്തമാക്കിയത്.
ജില്ലയിൽ നാടകത്തിൽ മികച്ച നടിയായിട്ടും ടീമിന് സംസ്ഥാനത്തേക്ക് സെലക്ഷൻ ലഭിക്കാത്ത വിഷമത്തിനും അങ്ങനെ പരിഹാരമായി. രമണന്റെയും ചന്ദ്രികയുടെയും പ്രണയം തുടങ്ങി, പ്രണയം മരിച്ച് പ്രണയിതാവിനെ വിഷം നൽകിക്കൊന്ന ഷാരോൺ കേസ് വരെ നിറഞ്ഞുനിന്ന മോണോ ആക്ട് ആണ് നിധിയയെ കൊല്ലത്ത് താരമാക്കിയത്. ഇതിനു മുമ്പ് 2018ൽ 12ാം വയസ്സിൽ പ്രളയദുരിതം കണ്ട് ഏകാംഗ തെരുവുനാടകവുമായി ഇറങ്ങിയ ഒരു സംഭവബഹുലമായ കഥയും നിധിയക്കുണ്ട്. തെരുവിൽ കേരളത്തമ്മ നാടകം കളിച്ച് ആ വർഷം 2019ലുമായി 1.15 ലക്ഷത്തോളം രൂപയാണ് നിധിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. ഡൽഹിയിൽനടന്ന മൈക്രോ ഡ്രാമ ഫെസ്റ്റിൽ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിതാവും നാടക പ്രവർത്തകനുമായ ചൊക്ലി പാത്തിക്കൽ ഒളവിലം വീട്ടിൽ സുധീഷ് ആണ് ഈ കുഞ്ഞു-വലിയ നടിയുടെ വഴികാട്ടിയും ഗുരുവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.