പട്ടുവം കൂത്താട് ഇടുപ്പ കുന്നിൽ വിദഗ്ധ സംഘം പരിശോധന നടത്തുന്നു

മണ്ണിടിച്ചിൽ; കൂത്താട് ഇടുപ്പ കുന്നിൽ വിദഗ്ധ പരിശോധന

തളിപ്പറമ്പ്: മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പട്ടുവം കൂത്താട് പ്രദേശത്ത് സംസ്ഥാന ഉരുൾപൊട്ടൽ വിദഗ്ധ സമിതി അംഗങ്ങൾ പരിശോധന നടത്തി. ഇടുപ്പ കുന്നില്‍ മണ്ണിടിച്ചില്‍ രൂക്ഷമായതിനെ തുടര്‍ന്ന് താഴ് വാരത്ത് താമസിക്കുന്ന ആറ് വീടുകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഈ ഭാഗത്താണ് സംഘം പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയില്‍ പ്രദേശത്ത് അതിഗുരുതരമായ രീതിയിൽ മണ്ണ് നീങ്ങിയതായി കണ്ടെത്തി.

കനത്ത മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പട്ടുവം ഇടുപ്പ കുന്നിന് താഴ് വാരത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ചവരുള്‍പ്പെടെ മുപ്പതോളം കുടുംബങ്ങൾ കഴിഞ്ഞ രണ്ടുവർഷത്തോളമായി ആശങ്കയിലാണ്. നേരത്തേ കോഴിക്കോട് എന്‍.ഐ.ടിയിലെ സീനിയര്‍ പ്രഫസറും ലാൻഡ് സ്ലൈഡിങ് എക്‌സ്‌പേര്‍ട്ടുമായ എസ്. ചന്ദ്രാകരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രദേശത്ത് അതിതീവ്രമായ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു.

മാറ്റിപ്പാര്‍പ്പിച്ച ആറു വീടുകളിലുള്ളവരും കഴിഞ്ഞ രണ്ടുവര്‍ഷമായി വാടകക്ക് കഴിയുകയാണ്. ഇവർക്ക് വീടുകളിലേക്ക് മടങ്ങാനാകുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ബുധനാഴ്ച രാവിലെയെത്തിയ വിദഗ്ധ സംഘം നടത്തിയ പരിശോധനയിൽ പ്രകൃതി പ്രതിഭാസത്തിന്റ ഭാഗമായാണ് മണ്ണ് നീങ്ങുന്നതെന്നാണ് കണ്ടെത്തിയത്. ഉപഗ്രഹ ചിത്രങ്ങൾക്കൂടി പ്രയോജനപ്പെടുത്തി മനുഷ്യരുടെ ഇടപെടൽ കാരണമായിട്ടുണ്ടോയെന്നു കൂടി പരിശോധിക്കുമെന്ന് സംഘത്തലവൻ സംസ്ഥാന ദുരന്ത നിവാരണ വിദഗ്ധ സമിതി അംഗം ഡോ. സജിൻ കുമാർ പറഞ്ഞു. കെ. അജിൻ, എം. രജനീഷ് എന്നിവരും വിദഗ്ധ സംഘത്തിൽ ഉണ്ടായിരുന്നു. പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, തഹസിൽദാർ പി. സജീവൻ, വാർഡ് മെംബർ പി. ശ്രുതി, വില്ലേജ് അസിസ്റ്റന്റ് വിനോദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - landslide; Expert inspection at Koothat Idupa Hill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.