വീരാജ്പേട്ട/ഇരിട്ടി: കാലവർഷം കനത്തതോടെ കുടകിൽ ബാഗമണ്ഡലക്കടുത്ത തലക്കാവേരിയിലെ ബ്രഹ്മഗിരി താഴ്വരയിൽ കുന്നിടിഞ്ഞ് മൂന്ന് വീടുകൾ മണ്ണിനടിയിലായി. അഞ്ചുപേരെ കാണാതായി. ഇന്നലെ ഉച്ചയോടെയാണ് അപകടം. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്.
50ഒാളം കന്നുകാലികളും മണ്ണിനടിയിലായതായാണ് സൂചന. തലക്കാവേരി ക്ഷേത്ര ജീവനക്കാരൻ ടി.എസ്. നാരായണ (70), ഭാര്യ ശാന്ത (64), നാരായണയുടെ സഹോദരൻ ആനന്ദതീർഥ സ്വാമി (86), ക്ഷേത്ര ജീവനക്കാരായ പവൻ, കിരൺ എന്നിവരാണ് മണ്ണിനടിയിൽപെട്ടത്. ജില്ല കലക്ടർ ആനിസ് കൺമണി ജോയി, ജില്ല പൊലീസ് സൂപ്രണ്ട് സാമ മിശ്ര എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമാവുന്നുണ്ട്. അതേസമയം, പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോവാൻ കുടുംബങ്ങൾക്ക് അഞ്ച് ദിവസം മുൻപ് ബാഗമണ്ഡല പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
കാവേരി നദി കവിഞ്ഞതിനെ തുടർന്ന് വീരാജ്പേട്ട-മടിക്കേരി റോഡിലെ പ്രധാന പാലമായ ബേത്തിരി വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മടിക്കേരി-സിദ്ധാപുരം, മടിക്കേരി-നാപോക്ലു റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. 15ലധികം ഗ്രാമീണ റോഡുകളിൽ മണ്ണിടിഞ്ഞും മരം വീണും ഗതാഗതം മുടങ്ങി. മൂന്ന് ദിവസമായി ജില്ലയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി ബന്ധവും ടെലിഫോൺ സംവിധാനവും തകരാറിലാണ്.
കുടകിൽ നൂറോളം കുടുംബങ്ങളെ വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് മാറ്റിപ്പാർപ്പിച്ചു. 10 ദുരിതാശ്വാസ ക്യാമ്പുകൾ ഇതിനകം തുറന്നിട്ടുണ്ട്. കരടിഗോഡ്, ഗുയ്യ, നെല്യാഹുദിക്കേരിക്കടുത്ത ബട്ടത്തകാട്, കുമ്പാരക്കുണ്ടി, നപോക്ലുവിന് സമീപം ചെറിയപറമ്പ് എന്നിവിടങ്ങളിലാണ് ജില്ല ഭരണകൂടം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. തീവ്ര കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ ആഗസ്റ്റ് 11വരെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കഴിഞ്ഞ രണ്ടുവർഷവും കുടകിൽ വൻ പ്രളയമാണുണ്ടായത്. നൂറുകണക്കിന് കുടുംബങ്ങൾക്കാണ് വീടുൾെപ്പടെ സർവതും നഷ്ടപ്പെട്ടത്. ഇവരുടെ പുനരധിവാസ പദ്ധതി ഇനിയും പൂർത്തിയായിട്ടില്ല. അതേസമയം, രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും അടിയന്തര സഹായം നൽകാനും മുഖ്യമന്ത്രി െയദിയൂരപ്പ, മന്ത്രി സോമണ്ണയെ ചുമതലപ്പെടുത്തി. മന്ത്രി ഇന്ന് ജില്ലയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.