കണ്ണൂർ: നവകേരള സദസ്സിൽ ലഭിച്ച പരാതികളിൽ കൂടുതലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ഓർമിപ്പിച്ച് ജില്ല ആസൂത്രണ സമിതി യോഗം.
പരാതികളിൽ കൃത്യമായ നടപടികൾ സ്വീകരിച്ച് പരിഹരിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയൻറ് ഡയറക്ടർ ടി.ജെ. അരുൺ പറഞ്ഞു. പരാതികളിൽ പത്ത് ദിവസത്തിനകം മറുപടി നൽകണം. സാധ്യമായവ പെട്ടെന്ന് പരിഹരിച്ച് നൽകണമെന്നും അല്ലാത്തവയിൽ വിശദ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. യോഗത്തിൽ ഡി.പി.സി ചെയർപേഴ്സൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ 20 തദ്ദേശ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതി ഭേദഗതികൂടി ജില്ല ആസൂത്രണ സമിതി അംഗീകരിച്ചതോടെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരമായി. 73 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് നേരത്തെ അംഗീകാരം നൽകിയിരുന്നു.
സർക്കാർ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും ഹരിത പദവി നൽകാനായി ഒരു സംഘത്തെ നിയോഗിക്കുമെന്ന് ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ അറിയിച്ചു. പഞ്ചായത്ത് തലങ്ങളിൽ ഓൺലൈനായാണ് ഹരിത പദവി പരിശോധന നടത്തുക. ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷീര സംഘങ്ങൾക്ക് ഹരിത പദവി നൽകും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശുചിത്വത്തിന്റെ അടിസ്ഥാനത്തിൽ നക്ഷത്ര പദവി നൽകുന്നതിന്റെ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.യോഗത്തിൽ ആസൂത്രണ സമിതി അംഗങ്ങളായ മേയർ ടി.ഒ. മോഹനൻ, ജില്ല കലക്ടർ അരുൺ കെ. വിജയൻ, കെ.കെ. രത്നകുമാരി, ടി. സരള, ഇ. വിജയൻ, കെ.വി. ലളിത, വി. ഗീത, കെ. താഹിറ, ഡെപ്യൂട്ടി ഡി.പി.ഒ പി.വി. അനിൽ, തദ്ദേശസ്ഥാപന പ്രതിനിധികൾ നിർവഹണ ഉദ്യോഗസ്ഥർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.