മാഹി: പന്തക്കൽ മൂലക്കടവിൽ ഇനിയും പെട്രോൾ പമ്പുകൾ സ്ഥാപിക്കാൻ നിരാക്ഷേപ പത്രം നൽകരുതെന്ന് നാട്ടുകാരുടെ പ്രതിഷേധ കൂട്ടായ്മ. ശ്വാസകോശ രോഗത്തിനിടയാക്കാനും വായു മലിനീകരണവും അന്തരീക്ഷ മലിനീകരണവും ഭൂഗർഭ ജലമലിനീകരണവും സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാലാണ് നാട്ടുകാർ പുതുച്ചേരി ജില്ല കലക്ടറോട് ആവശ്യം ഉന്നയിച്ചത്.
രണ്ടു കിലോമീറ്റർ വ്യാസത്തിലുള്ള ഈ പ്രദേശത്ത് ടാങ്കറിൽനിന്ന് പമ്പുകളിലെ ടാങ്കുകളിലേക്ക് ഇന്ധനം നിറക്കുമ്പോഴും പമ്പിൽനിന്ന് വാഹനങ്ങളിൽ നിറച്ച് തീരുന്നത് വരെയുള്ള ഗ്യാസും നുറു കണക്കിന് വാഹനങ്ങൾ തള്ളുന്ന കാർബനും വലിയ തോതിൽ അന്തരീക്ഷ മലിനീകരണമുണ്ടാക്കും. ഇവ 365 ദിവസവും ആവർത്തിക്കും.
മൂലക്കടവിൽ ഒരേ പോയന്റിൽ വീതി കുറവുള്ള മെയിൻ റോഡിനിരുവശങ്ങളിലുമായി മൂന്നു പെട്രോൾ പമ്പുകളാണുള്ളത്. വാഹനങ്ങൾക്ക് അകത്തേക്കും പുറത്തേക്കും കടക്കുന്നതിനായി ആറു കവാടങ്ങളുമുണ്ട്.
തലശ്ശേരി -പാനൂർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹന യാത്രികർക്ക് പുറമേ സ്കൂളിലേക്കും മദ്റസയിലേക്കും കാൽനടയായി എത്തുന്ന പിഞ്ചുകുഞ്ഞുങ്ങൾക്കും മറ്റു കാൽനട യാത്രികർക്കും ഈ റോഡിലൂടെയുള്ള യാത്ര ദുരിതം സൃഷ്ടിക്കുകയാണ്.
നിലവിൽ അഞ്ചു പമ്പുകളുള്ള ഇവിടെ ഇനിയും പമ്പുകൾ സ്ഥാപിക്കാനുള്ള നീക്കം പ്രദേശത്തെ വിഷലിപ്തമാക്കുമെന്ന് യോഗം വിലയിരുത്തി.
വർഷങ്ങൾക്കുമുമ്പ് മാഹിയിൽ പമ്പിൽനിന്ന് പെട്രോൾ ലീക്കായി സമീപത്തെ കിണർ മലിനമായതു പോലെ ഇവിടെയും സംഭവിക്കുമോ എന്ന ആശങ്കയും നാട്ടുകാർ പങ്കുവെച്ചു. 16 വിദേശ മദ്യശാലകളും അഞ്ച് പെട്രോൾ പമ്പുകളും പെയിന്റ് കടകളുമുള്ള ഇവിടെ ഗവ. ഹയർ സെക്കൻഡറി, ഗവ. എൽ.പി സ്കൂളുകളും മദ്റസയുമുണ്ട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മൂലക്കടവിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് അനുമതി നൽകേണ്ടത്.
താഴത്ത് പുരുഷു അധ്യക്ഷത വഹിച്ചു. ടി.എം. സുധാകരൻ, എൻ. ഹരിദാസ്, കെ.വി. മോഹനൻ, മാലയാട്ട് സജീവൻ, പി.കെ. സജീവൻ, വസുമതി, ജലീൽ, സിഗേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.