മുഴപ്പിലങ്ങാട്: കണ്ണൂർ - തലശ്ശേരി ദേശീയപാതയിലെ പഠിഞ്ഞാറ് ഭാഗം സർവിസ് റോഡിലെ എസ്.എൻ. ഓഡിറ്റോറിയത്തിന്റെ മൂന്നു നില കെട്ടിടത്തിന്റെ പൊളിച്ചു നീക്കിയ ബാക്കി ഭാഗം അപകട ഭീഷണിയിൽ. സ്വകാര്യ വ്യക്തിയുടെ ഈ കെട്ടിടവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ പാതനിർമാണ സമയത്ത് പൊളിച്ചു നീക്കാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ കഴിഞ്ഞ ദിവസം ഹൈവേക്കായി ഏറ്റെടുത്ത ഭാഗം പൊളിച്ചുനീക്കണമെന്ന കോടതി വിധിയെ തുടർന്നാണ് ദേശീയ പാതനിർമാണം ഏറ്റെടുത്ത കമ്പനി കെട്ടിടം ഭാഗികമായി പൊളിച്ചു നീക്കിയത്. ബാക്കി വരുന്ന കെട്ടിടം ഉടമയുടെ പരിധിയിൽ ആയതിനാൽ പൊളിക്കാതെ നിലനിർത്തുകയായിരുന്നു.
അപകടനിലയിലുള്ള കെട്ടിടത്തിന്റെ ബാക്കി ഭാഗം പൊളിച്ചുനീക്കാൻ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടെങ്കിലും ഉടമ പൊളിക്കാൻ തയാറാവുന്നില്ല. മുഴപ്പിലങ്ങാട് എഫ്.സി.ഐ. ഗോഡൗണിനും കുളംബസാറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഓഡിറ്റോറിയമാണിത്.
കനത്ത മഴ പെയ്യുന്ന ഈ അവസ്ഥയിൽ ഉയരത്തിൽ കിടക്കുന്ന ഈ കെട്ടിടത്തിന്റെ ബാക്കി ഭാഗങ്ങളും എത്രയും പെട്ടെന്ന് പൊളിച്ചു നീക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനു വേണ്ടി കലക്ടർ അടിയന്തര ഇടപെടൽ നടത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത രേഖാമൂലം ജില്ല കലക്ടറോട് ആവശ്യപ്പെട്ടു. അപകടനിലയിൽ നിൽക്കുന്ന കെട്ടിടത്തിന്റെ ബാക്കി ഭാഗങ്ങൾ എത്രയും പെട്ടെന്ന് പൊളിച്ചു നീക്കണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.