മുഴപ്പിലങ്ങാട്: മഴയൊന്ന് ശക്തിയായി പെയ്താൽ വെള്ളക്കെട്ടിലാകുന്ന മുഴപ്പിലങ്ങാട്ടെ രണ്ടാം വാർഡുകാർക്ക് ഇതു നല്ല കാലം. വെള്ളക്കെട്ട് ഒഴിവാക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കിയതോടെയാണ് പരിഹാരമായത്. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ രണ്ടാം വാർഡും മലക്ക് താഴെ പ്രദേശവും റോഡുകളും മഴപെയ്താൽ വെള്ളക്കെട്ടിൽ മുങ്ങുമായിരുന്നു.
ദേശീയപാത നിർമാണം തുടങ്ങിയതിൽ പിന്നെ കഴിഞ്ഞ രണ്ടു വർഷമായി മഴയുടെ തുടക്കത്തിൽ തന്നെ പ്രദേശം വെള്ളത്തിലാവുക പതിവായിരുന്നു. ദേശീയപാതയുടെ റോഡിനടിയിലൂടെ പോകുന്ന ഓവുചാലുകൾ വഴി വെള്ളം കടന്നുപോകുന്നതിന് എടക്കാട് പൊലീസ് സ്റ്റേഷൻ മുതൽ പഞ്ചായത്ത് ഓഫിസ് വരെ മൂന്ന് മീറ്റർ വീതിയിൽ ആഴത്തിലുള്ള കുഴിയെടുത്ത് താൽക്കാലിക ചാല് നിർമിച്ചതോടെയാണ് പരിഹാരമായത്.
ഇതിന് വേണ്ടി റെയിൽവേയുടെ താൽക്കാലിക അനുമതിയോടെ സ്റ്റേഷനിലേക്ക് പോകുന്ന രണ്ട് റോഡുകൾ മുറിച്ച് വലിയ പൈപ്പ് ലൈൻ ഇട്ടാണ് ചാലിെന്റ പണി പൂർത്തീകരിച്ചത്. ഇത് വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഏറെ ഗുണം ചെയ്തതായി അധികൃതർ പറഞ്ഞു. എടക്കാട് മാരാൻ കണ്ടിത്തോട് വഴി വെള്ളത്തിന്റെ ഒഴുക്കിനെ തിരിച്ചുവിടാൻ ഇത് വഴി സാധിച്ചിരുന്നു. മലക്ക് താഴെ താമരക്കുളം ഉൾപ്പെടെ വെള്ളക്കെട്ട് ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പ്രദേശം വരെ വെള്ളം ഒഴിഞ്ഞു പോയത് വലിയ ആശ്വാസമായെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഇവിടെ നിന്നുണ്ടായ വ്യാപക പ്രതിഷേധത്തെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ജില്ല ഭരണകൂടവും പഞ്ചായത്ത് ഉൾപ്പെടെ സംവിധാനങ്ങൾ പ്രവർത്തിച്ചത്. ഇതിന്റെ ഫലമാണ് ഇത്തരത്തിൽ വെള്ളക്കെട്ട് ദുരിതം ഒഴിയുന്നതിന് കാരണമായതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.