തളിപ്പറമ്പ്: കുപ്പത്തും പട്ടുവം റോഡിൽ മഞ്ചക്കുഴിയിലും ദേശീയപാത നിർമാണ മേഖലയിൽ കുന്നിടിച്ചിൽ രൂക്ഷമായി. ദേശീയപാത ബൈപാസ് നിർമിക്കുന്നതിനായി മണ്ണെടുക്കുന്ന ഇവിടെ മഴയെത്തുടർന്ന് മണ്ണെടുപ്പ് നിർത്തിവെച്ച കുന്നിൻ പ്രദേശത്താണ് ജനങ്ങളെ ഭീതിയിലാഴ്ത്തി മണ്ണിടിച്ചിൽ തുടരുന്നത്.
കുപ്പം പാലത്തിന് സമീപത്തുനിന്നും കീഴാറ്റൂർ വഴി നിർമിക്കുന്ന ദേശീയപാത ബൈപാസ് തുടങ്ങുന്ന ഭാഗത്താണ് കുന്നിടിച്ചിൽ രൂക്ഷമായത്. വലിയ കുന്ന് ഇടിച്ച് മണ്ണുനീക്കിയാണ് ഇതുവഴി ബൈപാസ് നിർമിക്കുന്നത്. മഞ്ചക്കുഴിയിൽ വലിയ കുന്ന് മധ്യത്തിലൂടെ കുഴിച്ചെടുത്താണ് റോഡ് നിർമിക്കുന്നത്.
മഴ ശക്തമായതോടെ ഈ ഭാഗങ്ങളിൽ കുന്നിടിക്കുന്നത് നിർത്തിവെച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി മഴ ശക്തമായതോടെയാണ് കുന്ന് ഇടിഞ്ഞുവീഴാൻ തുടങ്ങിയത്. ദേശീയപാതക്കായി സ്ഥലമേറ്റെടുത്തതിന് സമീപത്തായി അവശേഷിക്കുന്ന വീടുകൾക്ക് കുന്നിടിച്ചിൽ വൻ ഭീഷണിയാണ് ഉയർത്തുന്നത്. കുപ്പം വഴി കടന്നുപോകുന്ന കെ.എസ്.ഇ.ബിയുടെ ഹൈപ്പവർ ലൈൻ ഏതു നിമിഷവും നിലംപതിക്കുന്ന രീതിയിലാണ്. ഇതിനു സമീപത്തായുള്ള വെള്ളക്കെട്ടിൽ വൈദ്യുതിക്കമ്പികൾ പൊട്ടിവീണാൽ വൻ ദുരന്തം സംഭവിക്കുമെന്ന ഭീതിയിലാണ് പ്രദേശത്തെ ജനങ്ങൾ. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ, ദേശീയപാത നിർമാണ പ്രവൃത്തി നടത്തുന്നവരുടെ ഉത്തരവാദിത്തത്തിലാണ് ലൈൻ മാറ്റേണ്ടതെന്നാണ് മറുപടി ലഭിച്ചത്. തുടർന്ന് ദേശീയപാത ഉദ്യോഗസ്ഥരോട് ബന്ധപ്പെട്ടപ്പോൾ, വൈദ്യുതി രണ്ട് ആഴ്ചയെങ്കിലും ഓഫ് ചെയ്താൽ മാത്രമേ ലൈൻ മാറ്റാൻ പറ്റുകയുള്ളൂവെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് വാർഡ് മെംബർ കെ.എം. ലത്തീഫ് പറയുന്നത്. പരസ്പരം പഴിചാരൽ നിർത്തി ജനങ്ങളുടെ ഭീതിയകറ്റാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.