പയ്യന്നൂർ: മൂന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അര ഡസനോളം വിദ്യാലയങ്ങൾ, നിരവധി ആരാധനാലയങ്ങൾ, ഒരു ഗ്രാമത്തിലേക്കുള്ള പ്രധാന ജങ്ഷൻ. ദേശീയപാതയിൽ എടാട്ട് പയ്യന്നൂർ കോളജ് ബസ് സ്റ്റോപ്പിന്റെ പ്രത്യേകത ഈ വിശേഷണങ്ങളിലും ഒതുങ്ങില്ല. എന്നാൽ, ദേശീയപാത വികസിപ്പിക്കുമ്പോൾ ദേശീയപാത അതോറിറ്റി ഈ പ്രത്യേകതയൊന്നും കണ്ട മട്ടില്ല. ഇവിടെ അടിപ്പാത വേണമെന്ന ആവശ്യത്തിന് ഇപ്പോഴും പച്ചക്കൊടി കാണിച്ചിട്ടില്ല.
ഏറെ തിരക്കുള്ള പാതയിൽ വികസന നിർമാണം പുരോഗമിക്കുമ്പോൾ കുഞ്ഞിമംഗലത്തുകാരുടെ ആശങ്ക കൂടുകയാണ്. എങ്ങനെ പഞ്ചായത്തിലെ പ്രധാന ജങ്ഷനായ പയ്യന്നൂർ കോളജ് സ്റ്റോപ്പിന് അക്കരെയിക്കരെ കടക്കുമെന്ന സന്ദേഹമാണ് നാട് പങ്കുവെക്കുന്നത്.
പയ്യന്നൂർ കോളജ്, കണ്ണൂർ സർവകലാശാല കേന്ദ്രം, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ കേന്ദ്രം എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകേണ്ടവർ ആശ്രയിക്കുന്നത് ഈ സ്റ്റോപ്പിനെയാണ്. തീർന്നില്ല, എടനാട് യു.പി സ്കൂൾ, എൽ.പി സ്കൂൾ, കേന്ദ്രീയ വിദ്യാലയം, പി.ഇ.എസ് വിദ്യാലയം തുടങ്ങി കണ്ണൂരിന്റെ വിദ്യാഭ്യാസ ഹബ് ആണ് എടാട്ട്. അര ഡസനോളം പ്രധാന ആരാധനാലയങ്ങളും ഇവിടെയുണ്ട്. ഹനുമാരമ്പലം വഴി പഴയങ്ങാടിയിലേക്ക് പോകുന്ന പ്രധാന പാതയിലേക്ക് പ്രവേശിക്കേണ്ടതും ഇവിടെ വെച്ചാണ്. അതുകൊണ്ട് അടിപ്പാത അത്യാവശ്യമാണെന്ന് നാട്ടുകാർ പറയുന്നു.
എം. വിജിൻ എം.എൽ.എ ദേശീയപാത വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടും ഇതുവരെ അംഗീകരിച്ചില്ലെന്നതിന്റെ തെളിവാണ് ഇപ്പോൾ നടക്കുന്ന നിർമാണമെന്ന് നാട്ടുകാർ പറയുന്നു. അടിപ്പാതയില്ലെങ്കിൽ നൂറുകണക്കിന് വിദ്യാർഥികളും നാട്ടുകാരും പെരുവഴിയിലാവും. അതുകൊണ്ട് അടിയന്തര ഇടപെടൽ അനിവാര്യമാണ്. അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് കേരള ട്രഡീഷനൽ കോൺഗ്രസ് കേന്ദ്ര-സംസ്ഥാന മന്ത്രിമാർക്ക് ഇ-മെയിൽ അയച്ചതായി സംസ്ഥാന സെക്രട്ടറി ടി.വി.കുമാരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.