പുതുവർഷ പുലരി പിറക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. മുന്നോട്ടുള്ള യാത്രയിൽ കണ്ണൂരിന് പൂർത്തിയാക്കാനുള്ള ലക്ഷ്യങ്ങളും യാഥാർഥ്യമാക്കാനുള്ള സ്വപ്നങ്ങളും ഒത്തിരിയുണ്ട്. പുത്തൻ പ്രതീക്ഷകളുമായി ജില്ലയിൽ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഒട്ടേറെ പദ്ധതികൾക്ക് തുടക്കം കുറിക്കാനുമുണ്ട്. ആരോഗ്യ, ഗതാഗത, വിദ്യാഭ്യാസ മേഖലകളിൽ നിരവധി പദ്ധതികൾ തുടങ്ങാനും പൂർത്തിയാക്കാനുമുണ്ട്. 2025 പുലരുമ്പോൾ കണ്ണൂരിന്റെ പ്രതീക്ഷകൾ വാനോളമാണ്.
കണ്ണൂർ: സ്വപ്ന പദ്ധതിയായ ദേശീയപാത വികസനം ഈ വർഷം യാഥാർഥ്യമാകും. കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ ആറ് വരി ദേശീയപാത പ്രവൃത്തി പൂർത്തിയായ ഇടങ്ങളിലൊക്കെ തുറന്നുകൊടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരത്തേ അറിയിച്ചിരുന്നു. ഡിസംബറോടെ നിർമാണം പൂർത്തിയാക്കി പാത പൂർണമായി തുറന്നുകൊടുക്കാനാവും. കാസർകോട് മുതൽ മലപ്പുറം വരെ ഏറെക്കുറെ നേരത്തേ തന്നെ പൂർത്തീകരിക്കാനാവും.
ബാക്കിയുള്ള സ്ഥലങ്ങളിലാണ് കൂടുതൽ സമയം വേണ്ടിവരിക. മുടങ്ങിപ്പോയ ദേശീയപാത നിർമാണം പുനരാരംഭിക്കാൻ സ്ഥലമെടുപ്പിനായി 5580 കോടി രൂപ ചെലവഴിച്ചത് കിഫ്ബി വഴിയാണ്. ജില്ലയിൽ റോഡ് പ്രവൃത്തി ഭൂരിഭാഗവും പൂർത്തിയായി. കാസർകോട് ജില്ലയിലെ തലപ്പാടി മുതൽ ചെങ്കളവരെയുള്ള 42 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയ പാതയുടെ ആദ്യഘട്ടം 90 ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞു.
നീലേശ്വരം-തളിപ്പറമ്പ് (40 കി.മീ), തളിപ്പറമ്പ്-മുഴപ്പിലങ്ങാട് (30 കി.മീ) റീച്ചുകളുടെ പ്രവൃത്തി 60 ശതമാനത്തിലേറെ പൂർത്തിയായി. മുഴപ്പിലങ്ങാട്-മാഹി ബൈപാസ് കഴിഞ്ഞ വർഷം ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. ഈ വർഷം ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ സുഗമമായി വാഹനസഞ്ചാരം സാധ്യമാകും.
കണ്ണൂർ: പുതുവർഷ സമ്മാനമായി തലശ്ശേരിയിൽ പുതിയ കോടതി സമുച്ചയം ഒരുങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിച്ച കണ്ണൂർ കോടതി കെട്ടിടം 23 മാസത്തിനുള്ളിൽ പൂർത്തിയാക്കും. കുടുംബ കോടതി, ഡിജിറ്റൽ ജില്ല കോടതി, സബ് കോടതി, രണ്ട് മുൻസിഫ് കോടതി, മൂന്ന് മജിസ്ട്രേറ്റ് കോടതി എന്നിവക്ക് ഏഴുനിലകളുള്ള കെട്ടിടമാണ് കണ്ണൂരിൽ നിർമിക്കുന്നത്.
ബാർ അസോസിയേഷൻ ഓഫിസ്, ലൈബ്രറി, അഡ്വക്കറ്റ് ക്ലർക്ക് ഓഫിസ് എന്നിവയും സമുച്ചയത്തിൽ ഉൾപ്പെടും. കുടുംബ കോടതിയിൽ ശിശു സൗഹൃദ മുറികളും സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും പ്രത്യേക സൗകര്യവുമുണ്ടാകും. 24.55 കോടി രൂപ ചെലവിൽ നാലുനിലകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്.
തലശ്ശേരി: പൈതൃക നഗരിക്ക് പുതുവർഷ സമ്മാനമാണ് ദേശീയ പാതയിൽ നിർമാണം പൂർത്തിയായ ജില്ല കോടതി കെട്ടിട സമുച്ചയം. ദേശീയ പാതക്കരികില്‍ നിലവിലുള്ള കെട്ടിടത്തോട് ചേർന്നാണ് നാലേക്കര്‍ ഭൂമിയില്‍ എട്ടു നിലകളിലായി പുതിയ കെട്ടിടം സജ്ജമായത്.
136 മുറികളാണ് പുതിയ കെട്ടിടത്തിൽ സജ്ജമാക്കിയിരിക്കുന്നത്. തലശ്ശേരിയില്‍ ബ്രിട്ടീഷ് ഭരണകാലത്ത് പണിത ജില്ല കോടതിയുടെ ആധുനിക രീതിയില്‍ നിര്‍മിച്ച പുതിയ കോടതി സമുച്ചയം ഈ മാസം പ്രവർത്തന സജ്ജമാക്കാനുള്ള തയാറെടുപ്പുകൾ നടക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും മനോഹരമായ കോടതി സമുച്ചയമാണ് തലശ്ശേരിയിൽ യാഥാർഥ്യമായിട്ടുള്ളത്.
കിഫ്ബിയില്‍നിന്ന് 56 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. നിലവിലെ പൈതൃക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി, മുന്‍സിഫ് കോടതി, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒഴികെയുള്ള മറ്റെല്ലാ കോടതികളും പുതിയ സമുച്ചയത്തിലേക്ക് മാറും.
ജുഡീഷ്യല്‍ ഓഫിസര്‍മാര്‍, അഭിഭാഷകര്‍, വനിത അഭിഭാഷകര്‍ എന്നിവര്‍ക്കുള്ള വിശ്രമ മുറി, പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസ്, ഡി.ഡി.പി ആന്‍ഡ് എ. പി.പി ഓഫിസുകള്‍, അഭിഭാഷക ഗുമസ്തന്മാര്ക്കുള്ള മുറി, ഓരോ നിലയിലും സാക്ഷികള്‍ക്കായുള്ള വിശ്രമ മുറികള്‍, ബാങ്ക്, പോസ്റ്റ് ഓഫിസ്, കാന്റീന് തുടങ്ങിയവയെല്ലാം പുതിയ കെട്ടിടത്തില്‍ ക്രമീകരിക്കും.
കണ്ണൂർ: കേരളത്തിലെ നീർത്തട സംരക്ഷണ പദ്ധതികൾക്ക് മാതൃക തീർത്ത് കാനാമ്പുഴ പുനരുജ്ജീവന പദ്ധതി. പദ്ധതി ഒന്നാം ഘട്ടം നാടിന് സമർപ്പിച്ചതോടെ പുതുവർഷത്തിൽ തെളിനീർ ഒഴുകും.
സംസ്ഥാനത്തെ ആദ്യ നദീ പുനരുജ്ജീവന പദ്ധതിയായ കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാം ഘട്ടം കഴിഞ്ഞദിവസം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിന് സമർപ്പിച്ചു. മലിനീകരണവും പലവിധ ഇടപെടലുകളും മൂലം ശോഷിച്ച് ജലരേഖ പോലെയായി മാറിയിരുന്ന കാനാമ്പുഴ ശുചീകരണത്തിന്റെ ഭാഗമായി അത്ഭുതകരമായ ജനകീയ മുന്നേറ്റമാണ് നടന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്ന് ഈ പദ്ധതിയെക്കുറിച്ച് പഠിക്കാനായി എത്തുന്നുണ്ട്. ഹരിത കേരളം മിഷന്റെ പദ്ധതിയുടെ ഭാഗമായി, ജലസേചന വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ നിന്നും 4.40 കോടി രൂപ ഉപയോഗിച്ച് ചീപ്പ് പാലം മുതൽ തിലാന്നൂർ ശിശുമന്ദിരം റോഡ് വരെയുള്ള കാനാമ്പുഴയുടെ ഭാഗങ്ങളിലും കണ്ണൂർ മണ്ഡലം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ ഉപയോഗിച്ച് ചൊവ്വ റെയിൽവേ പാലം മുതൽ മണ്ടേൻവയൽ വരെയുള്ള ഭാഗങ്ങളിലുമാണ് പുനരുദ്ധാരണ പ്രവൃത്തികൾ നടപ്പാക്കിയത്.
പൊതുജനങ്ങൾക്ക് കാനാമ്പുഴയുടെ സൗന്ദര്യം ആസ്വദിച്ച് കാൽനടയാത്രക്കായി നടപ്പാത നിർമിച്ചിട്ടുണ്ട്. മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പൻമലയിൽനിന്ന് ഉൽഭവിച്ച് 10 കിലോ മീറ്റർ ഒഴുകി അറബിക്കടലിൽ പതിക്കുന്ന പുഴ കൈയേറ്റങ്ങളും കരയിടിച്ചിൽ പോലുള്ള പ്രകൃതി ദുരന്തങ്ങളും മാലിന്യം തള്ളലും കാരണം നാശോന്മുമുഖമായിരുന്നു.
ലോകത്തിനുതന്നെ മാതൃകയായ പുനരുജ്ജീവന പദ്ധതിയുടെ അടുത്തഘട്ടത്തിലേക്കുള്ള വിജയ യാത്രയാണിനി.
ഇരിക്കൂർ: സംസ്ഥാനത്ത് ആദ്യത്തെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഇരിക്കൂറിനടുത്ത കല്യാട് പറമ്പിൽ ഒരുങ്ങുന്നു. 2022 ഫെബ്രുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നടത്തിയ ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാം ഘട്ടം 65 ശതമാനത്തിലധികം പൂർത്തിയായി. ആയുഷിനു കീഴിൽ കിറ്റ് കോക്കാണ് നിർമാണ ചുമതല. എറണാകുളത്തെ ശിൽപ കമ്പനിയാണ് കരാറെടുത്തത്.
18 മാസമാണ് നിർമാണ കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാൽ, രൂപരേഖകളിൽ മാറ്റം വരുത്തിയതും സ്ഥലം സംബന്ധിച്ച നിയമ തർക്കങ്ങളും നിർമാണ വസ്തുക്കളുടെ ക്ഷാമവുമെല്ലാം കാരണം പണി നീണ്ടുപോവുകയായിരുന്നുവെന്ന് കിറ്റ് കോ സീനിയർ കൺസൾട്ടന്റ് ബൈജു ജോൺ ‘മാധ്യമ’ത്തോട് പറഞ്ഞു. കാലാവധി നീട്ടി നൽകിയതിനാൽ 2025 മാർച്ചിനകം പണി തീർക്കണമെന്നാണ് നിലവിലെ കരാർ. 70 കോടിയോളം ചെലവിലാണ് ആദ്യ ഘട്ട നിർമാണം നടക്കുന്നത്.
ആയുർവേദത്തിന്റെ സമഗ്ര വികസനത്തിനും ഔഷധസസ്യ സംരക്ഷണത്തിനും സംസ്ഥാന വികസനത്തിന് ആയുർവേദത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുമാണ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. 300 കോടി രൂപ ചെലവിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സാമ്പത്തിക സഹായത്തോടെയാണ് മുഴുവൻ നിർമാണവും പൂർത്തിയാക്കുക. കല്യാട് പറമ്പിലെ 311 ഏക്കറിലാണ് ആയുർവേദ റിസർച് സെന്റർ സ്ഥാപിക്കുന്നത്.
കേരളീയ ശിൽപ ശൈലിയിൽ പ്രകൃതി സൗഹൃദമായാണ് ഗവേഷണ കേന്ദ്രം ഒരുങ്ങുന്നത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 15 കിലോമീറ്റർ ദൂരം മാത്രമുളളതു കൊണ്ട് വിദേശികളെയും ഇവിടേക്ക് ആകർഷിക്കാനാകും.
ഗവേഷണ കേന്ദ്രം, അന്താരാഷ്ട്ര നിലവാരത്തിലുള്ള ആശുപത്രി, ഔഷധ ഉദ്യാനം, ലോകത്തിലെ വിവിധ പാരമ്പര്യ ചികിത്സ രീതികളും ആയുർവേദ ജ്ഞാനങ്ങളും പ്രദർശിപ്പിക്കുന്ന മ്യൂസിയം, ശാസ്ത്രജ്ഞന്മാർക്കും ജീവനക്കാർക്കുമുള്ള താമസ സൗകര്യം, ഉപകരണങ്ങൾ, ലാബ് സൗകര്യം, അതിഥി മന്ദിരം, പ്ലാന്റ് കെട്ടിടം എന്നിവയാണ് ഇവിടെ നിർമിക്കുന്നത്.
രോഗശമനം, പ്രതിരോധ പുനരധിവാസ ചികിത്സ എന്നിവയും ഈ കേന്ദ്രത്തിൽ ലഭ്യമാക്കും. ഗവേഷണത്തിലൂടെ കണ്ടെത്തുന്ന ഔഷധങ്ങളുടെ ക്ലിനിക്കൽ പരീക്ഷണം, ഉൽപാദനം എന്നിവയും നടക്കും. ഗവേഷണ കേന്ദ്രത്തിനായി ആവശ്യമായ 311 ഏക്കര്‍ ഭൂമിയില്‍ ഒന്നാം ഘട്ടത്തിനാവശ്യമായ 36 ഏക്കറാണ് ആദ്യം ഏറ്റെടുത്തത്.
അത്യാധുനിക സൗകര്യങ്ങളുള്ള റിസർച് സെന്ററും 100 കിടക്കകളുള്ള ആശുപത്രിയുമാണ് ഒന്നാം ഘട്ടത്തില്‍ വരിക. വൈദ്യശാസ്ത്ര അറിവുകളുമായി ബന്ധപ്പെട്ട താളിയോലകളും കൈയെഴുത്തു പ്രതികളും സംരക്ഷിക്കുകയും ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള മാനുസ്ക്രിപ്റ്റ് ലൈബ്രറി, ആയുര്‍വേദ ചെടികള്‍ ഉള്‍ക്കൊള്ളുന്ന ഹെര്‍ബല്‍ നഴ്സറി, ജലസംരക്ഷണ പദ്ധതികള്‍, പദ്ധതി പ്രദേശത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതി തുടങ്ങിയവയുമാണ് നിലവിൽ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായി വരുന്നത്.
അന്താരാഷ്ട്ര ആയുര്‍വേദ മ്യൂസിയം, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, ശാസ്ത്രജ്ഞന്മാര്ക്കുള്ള ക്വാര്‍ട്ടേഴ്സ്, ഫാക്കല്‍റ്റികള്‍ക്കും വിദ്യാര്‍ഥികള്‍ക്കമുള്ള ഹൗസിങ് സംവിധാനം, കാന്റീന്, ഹെര്‍ബല്‍ ഗാര്ഡന് തുടങ്ങിയവ റിസർച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാം ഘട്ടത്തിലാണ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.