കണ്ണൂർ: കോവിഡ് അടച്ചിടലിനുശേഷം നാടും നഗരവും ഉണർന്നെങ്കിലും യാത്രാസൗകര്യങ്ങളുടെ കാര്യത്തിൽ വലിയ മാറ്റമില്ല. രാത്രിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ സ്വകാര്യ വാഹനങ്ങളെയോ ഓട്ടോ, ടാക്സികളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്.
കണ്ണൂരിൽനിന്ന് രാത്രി എട്ടിനുള്ളിൽ മിക്ക ഭാഗങ്ങളിലേക്കുമുള്ള അവസാന ബസും പോകും. തലശ്ശേരി, പാനൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ്, ഇരിട്ടി, മട്ടന്നൂർ, പയ്യന്നൂർ, ശ്രീകണ്ഠപുരം, പേരാവൂർ ടൗണുകളിലെ അവസ്ഥയും ഇതുതന്നെ. ജോലി അടക്കമുള്ള വിവിധ ആവശ്യങ്ങൾക്കുശേഷം ദീർഘദൂര ബസുകളിലും ട്രെയിനിലും ടൗണുകളിലെത്തി ജില്ലയുടെ ഉൾഭാഗങ്ങളിലേക്കു പോകേണ്ട യാത്രക്കാർ വഴിയിൽ കുടുങ്ങുകയാണ്.
സ്വകാര്യ വാഹനങ്ങൾക്ക് കൈനീട്ടിയും ഓട്ടോപിടിച്ചും വീടണയാനുള്ള യാത്രക്കാരുടെ ദയനീയാവസ്ഥയാണ് രാത്രി റോഡുകളിൽ. കോവിഡിന് മുമ്പ് ഭൂരിഭാഗം റൂട്ടുകളിലേക്കും ഒമ്പതുവരെ ബസ് സർവിസുണ്ടായിരുന്നു. നിലവിൽ കണ്ണൂരിൽനിന്ന് തലശ്ശേരിയിലേക്കുള്ള ലോക്കൽ ബസുകൾ ഏഴരയോടെ ഓട്ടം നിർത്തും. കോഴിക്കോട് ബസുകൾ എട്ടിനുശേഷം ഒന്നോ രണ്ടോ എണ്ണം ഓടാറുണ്ടെങ്കിലും കൃത്യനിഷ്ഠയില്ല. 7.45നു ശേഷം ഇരിട്ടിയിലേക്കുള്ള യാത്രക്കാർ പെട്ടതുതന്നെ.
അഞ്ചരക്കണ്ടി, പയ്യന്നൂർ റൂട്ടുകളിലും എട്ടിനു ശേഷം ഇതേഅവസ്ഥ. പഴയങ്ങാടി, മട്ടന്നൂർ ഭാഗത്തും ഏഴരക്കു ശേഷം സ്ഥിതി വ്യത്യസ്തമല്ല.
യാത്രക്കാർ ഏറെയുള്ള തലശ്ശേരി, കോഴിക്കോട് റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകളും രാത്രി, കോവിഡിന് മുമ്പത്തെപോലെ സർവിസ് നടത്തുന്നില്ല. 10.20നും 11.40നും ദീർഘദൂര ബസുകൾ ഉണ്ടെങ്കിലും ലോക്കൽ യാത്രക്കാർക്ക് ഉപകാരപ്പെടില്ല. മാനന്തവാടിയിലേക്ക് വൈകീട്ട് 4.50നാണ് അവസാന വണ്ടി. നിടുംപൊയിൽ വരെയുള്ള ജില്ലയിലെ യാത്രക്കാർക്കും ഈ ബസ് ഉപകാരമാണ്. മുമ്പ് 5.40ന് കൽപറ്റ ഫാസ്റ്റ് പാസഞ്ചർ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിലുള്ളവർക്ക് സഹായകമായിരുന്ന രാത്രിയിലെ ഊട്ടി ബസും ഓടുന്നില്ല. കാസർകോടേക്ക് രാത്രി 11.30നാണ് അവസാന വണ്ടി. കണ്ണൂരിൽ രാത്രി ട്രെയിനിറങ്ങുന്ന തളിപ്പറമ്പ്, പയ്യന്നൂർ ഭാഗങ്ങളിലുള്ള യാത്രക്കാരുടെ ഏക ആശ്രയമാണ് കോഴിക്കോട് നിന്നെത്തുന്ന ഈ വണ്ടി. പലപ്പോഴും കോണിപ്പടിയിൽവരെ യാത്രക്കാരുമായാണ് ബസ് കണ്ണൂരിൽനിന്ന് യാത്ര തുടരുക.
മുഴുവൻപേർക്കും കയറാനാവാതെ യാത്രക്കാർ തമ്മിലും ജീവനക്കാരുമായും വാക്കേറ്റവുമുണ്ടാകാറുണ്ട്. കഴിഞ്ഞദിവസം വടകരയിൽ ബ്രേക്ക് ഡൗണായതിനെ തുടർന്ന് പുലർച്ച ഒന്നിന് കോട്ടയത്തുനിന്നെത്തിയ ബസിലാണ് യാത്രക്കാരെ കാസർകോട് ഭാഗത്തേക്ക് കയറ്റിവിട്ടത്. രാത്രി എട്ടരക്ക് കണ്ണൂരിലെത്തുന്ന കുമളി -പാലക്കയംതട്ട് ബസാണ് കുടിയാൻമലക്കാർക്ക് ആശ്രയം.
മയ്യില്, ശ്രീകണ്ഠപുരം ഭാഗങ്ങളിലുള്ളവർക്കും രാത്രിയാത്ര പ്രയാസമാണ്. പയ്യന്നൂർ, ഇരിട്ടി ടൗണുകളിൽനിന്ന് ഉൾഗ്രാമങ്ങളിലേക്കുള്ള സർവിസുകൾ രാത്രി എട്ടിനു ശേഷമുണ്ടാകില്ല. പ്രധാനനഗരമായ തലശ്ശേരിയിൽനിന്നും ഉൾഭാഗങ്ങളിലേക്കുള്ള സർവിസുകളെല്ലാം രാത്രി എട്ടോടെ അവസാനിക്കും. റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും യാത്രക്കാരെ ഇറക്കി തിരിച്ചുപോകുന്ന ഓട്ടോകൾക്കും ബൈക്കുകൾക്കും കൈനീട്ടേണ്ട അവസ്ഥയാണ് പാനൂർ, കൂത്തുപറമ്പ് ഭാഗങ്ങളിലുള്ളവർക്ക്. സംഗമം കവലയിലും മണവാട്ടി ജങ്ഷനിലും ഇത്തരത്തിൽ വാഹനം കാത്തിരിക്കുന്നവരുടെ തിരക്ക് രാത്രി 11വരെയുണ്ടാവും. ഞായറാഴ്ചകളിൽ പകലും രാത്രിയും യാത്രക്കാർ ഒരുപോലെ കുടുങ്ങും. മിക്ക റൂട്ടുകളിലും സ്വകാര്യബസുകൾ സർവിസ് നടത്തില്ല.
ലാഭമില്ലാതെ ഓടില്ല...
ലാഭമില്ലാത്ത റൂട്ടുകളിലൊന്നും ബസ് ഓടിക്കേണ്ടെന്നാണ് കെ.എസ്.ആർ.ടി.സിയുടെ തലപ്പത്തു നിന്നുള്ള നിർദേശം. കിലോമീറ്ററിന് 25 രൂപയെങ്കിലും വരുമാനം ലഭിക്കാത്ത സർവിസുകളൊന്നും നടത്തേണ്ടെന്നാണ് നിർദേശം.
ഇതോടെ പല സർവിസുകളും വെട്ടിക്കുറച്ചു. ആദിവാസി മേഖല പോലെയുള്ളയിടങ്ങളിലേക്ക് മാത്രമാണ് നഷ്ടത്തിലായിട്ടും ആവശ്യ സർവിസായി ഓടുന്നത്. നഷ്ട സർവിസുകൾ ഓപറേറ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മുമ്പ് എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടലിൽ ചില ഭാഗങ്ങളിൽ ബസ് അനുവദിച്ചിരുന്നെങ്കിലും ഇപ്പോൾ അതും നടക്കുന്നില്ലെന്നാണ് വിവരം.
നേരത്തേ രാത്രി 8.20ന് കണ്ണൂരിൽനിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്ക് ബസ് ഓടിയിരുന്നു. ആളില്ലാതായതോടെ കോഴിക്കോട് മാത്രായി ചുരുക്കിയെങ്കെിലും നഷ്ടത്തിലായതിനാൽ കോവിഡിന് മുേമ്പ ഓട്ടം നിർത്തി. രാത്രി എട്ടിന് കാസർകോട് നിന്ന് തുടങ്ങി 12ന് കണ്ണൂരിലെത്തുന്ന ബസും പുനഃസ്ഥാപിച്ചില്ല.
ട്രെയിനിറങ്ങിയാൽ കുടുങ്ങി
രാത്രി നഗരങ്ങളിൽ ട്രെയിനിറങ്ങിയാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ടവർ ഓട്ടോയോ ടാക്സിയോ വിളിക്കേണ്ട അവസ്ഥയാണ്. കോഴിക്കോട് ഭാഗത്തുനിന്നും രാത്രി ഒമ്പതിന് കണ്ണൂരിലെത്തുന്ന കോയമ്പത്തൂർ -കണ്ണൂർ ഫാസ്റ്റ് പാസഞ്ചർ, 11.10െൻറ കണ്ണൂർ എക്സിക്യൂട്ടിവ്, 12.25െൻറ ജനശതാബ്ദി, കാസർകോട് ഭാഗത്തുനിന്നും രാത്രി 8.50ന് കണ്ണൂരിലെത്തുന്ന മലബാർ, 12.30െൻറ മംഗള തുടങ്ങിയ ട്രെയിനുകളിലെത്തുന്ന യാത്രക്കാർ നട്ടംതിരിയുകയാണ്. ഒമ്പതിന് എത്തുന്ന പാസഞ്ചർ വൈകിയെത്തുേമ്പാൾ മലയോരമേഖലയിലേക്ക് അടക്കം പോകേണ്ടവർ കുടുങ്ങും. ട്രെയിനിറങ്ങി ബസ്സ്റ്റാൻഡിലേക്ക് പായുന്ന യാത്രക്കാർ പതിവുകാഴ്ചയാണ്.
നേരത്തേ, രാത്രി കണ്ണൂരിലെത്തുന്ന ട്രെയിനുകളിലെ യാത്രക്കാർക്ക് സഹായകമായി 11.45ന് കാഞ്ഞങ്ങാട്, പഴയങ്ങാടി വഴി കാസർകോടേക്കും ആലക്കോട്, ജോസ്ഗിരി ഭാഗങ്ങളിലേക്കും കെ.എസ്.ആർ.ടി.സി ഓടിയിരുന്നു. കുടിയേറ്റ ജനതക്ക് ഏറെ സഹായകമായിരുന്ന സർവിസുകളായിരുന്നു ഇവ. ഇപ്പോൾ ജില്ലയിലെത്തുന്ന ട്രെയിൻ യാത്രക്കാർ സ്റ്റേഷനിൽതന്നെ കഴിയുകയോ ഓട്ടോ വിളിക്കുകയോ ചെയ്യേണ്ട അവസ്ഥയാണ്. 11.30ന് കാസർകോടേക്കുള്ള വണ്ടിയിൽ തിരക്കേറെയാണ്.
ലഗേജുമായി വരുന്നവർക്ക് കയറാൻ പ്രയാസമാണ്. രാത്രി കണ്ണൂരിൽ ഓട്ടം അവസാനിപ്പിച്ച് നീണ്ട മണിക്കൂറുകൾ നിർത്തിയിടുന്ന ട്രെയിനുകൾ കാസർകോടേക്ക് നീട്ടണമെന്ന് ദീർഘകാലത്തെ ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.