പള്ളിക്കുന്ന് ബാങ്ക് പ്രസിഡന്റ് പി.കെ. രഞ്ജിത്തിനെ കോൺഗ്രസ് സസ്‍ പെൻഡ് ചെയ്തു

കണ്ണൂർ: കോൺഗ്രസ്-മുസ്‍ലിം ലീഗ് പടലപ്പിണക്കത്തിന് കാരണമായ പള്ളിക്കുന്ന് സർവിസ് സഹകരണ ബാങ്ക് പ്രശ്നത്തിൽ ബാങ്ക് പ്രസിഡന്റും കോർപറേഷൻ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. രാഗേഷിന്റെ സഹോദരനുമായ പി.കെ. രഞ്ജിത്തിനെ കോൺഗ്രസിൽനിന്ന് സസ്‍ പെൻഡ് ചെയ്തു.

ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന പാർട്ടി നിർദേശം ലംഘിച്ചതടക്കമുള്ള വീഴ്ചകളിലാണ് നടപടി. 2015ൽ ബാങ്ക് പി.കെ. രാഗേഷ് നിയന്ത്രണത്തിലാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്റെ ഫലമായാണ് കോൺഗ്രസ് പ്രവർത്തകരായ കെ. രൂപേഷ്, വസന്ത് പള്ളിയാംമൂല, ടി.കെ. നിനിൽ, മുസ്ലിം ലീഗ് പ്രവർത്തകരായ പി.കെ. ഹാരിസ്, കെ.പി. റാസിഖ് എന്നിവരെ ബാങ്കിൽനിന്ന് പുറത്താക്കിയത്. നേരത്തെ എൽ.ഡി.എഫ് പക്ഷത്തായിരുന്ന പി.കെ. രാഗേഷിനെ കോൺഗ്രസിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ ഉടമ്പടിയിൽ ഈ ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ, ഇത് ബാങ്ക് ഭരണസമിതി നടപ്പാക്കിയില്ല.

ബാങ്ക് പ്രശ്നത്തിൽ മുസ്ലിം ലീഗും പള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും പി.കെ. രാഗേഷിനെതിരായിരുന്നു. ബാങ്കിൽനിന്ന് പിരിച്ചുവിട്ട മുസ്ലിം ലീഗ് പ്രവർത്തകന്റെ ഭാര്യ കോർപറേഷനിൽ മുസ്ലിം ലീഗ് കൗൺസിലറായിരുന്നു.

യു.ഡി.എഫ് പിന്തുണയിൽ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ ഗൾഫിലായിരുന്ന ഇവരുടെ അടക്കം വോട്ട് ഉറപ്പിക്കുന്നതിന്റെ ഭാഗമായി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുമെന്ന് വീണ്ടും ധാരണയിൽ എത്തിയിരുന്നു.

ഡി.സി.സി, മുസ്ലിം ലീഗ് ജില്ല നേതൃത്വങ്ങൾ നിരന്തരം ചർച്ച നടത്തിയാണ് വ്യവസ്ഥയുണ്ടാക്കിയത്. തെരഞ്ഞെടുപ്പിൽ ജയിച്ച് ഡെപ്യൂട്ടി മേയറായതോടെ ധാരണ നടപ്പാക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു.

ജീവനക്കാരെ ഒരാഴ്ചക്കകം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ബാങ്ക് ഭരണസമിതിക്ക് കത്ത് നൽകിയെങ്കിലും നടപടിയായില്ല.

ഡി.സി.സി നിർദേശം അനുസരിക്കാത്ത ബാങ്ക് പ്രസിഡന്റിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന ആവശ്യം ഏറെക്കാലമായി പള്ളിക്കുന്നിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ സജീവമായിരുന്നു. കോൺഗ്രസ്-ലീഗ് പ്രവർത്തകർക്കിടയിലെ പടലപ്പിണക്കം നിയമസഭ തെരഞ്ഞെടുപ്പിനെ അടക്കം ബാധിച്ചിരുന്നു.

ഇതേതുടർന്ന് കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നതിനാൽ പി.കെ. രാഗേഷ് പഞ്ഞിക്കയിൽ ഡിവിഷനിൽനിന്ന് മാറി ആലിങ്കീലാണ് മത്സരിച്ചത്. 

Tags:    
News Summary - Pallikunnu Bank President PK Ranjith suspended by Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.